തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സി.പി.ഐ.എം.
കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
പൊലീസുകാരനെതിരെ പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ മടങ്ങി.
കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍ ഉറൂബിനെതിരെ സി.പി.ഐ.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുന്‍കയ്യെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓര്‍ത്തെടുക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കോടിയേരിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് പോസ്റ്റിടുന്നത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. ചെന്നൈയില്‍ നിന്ന് മൃതദേഹം എയര്‍ ആംബുലന്‍സില്‍ ഞായറാഴ്ച കണ്ണൂരിലെത്തിച്ചു.
തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. വിലാപയാത്ര കടന്നുപോകന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കും. പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.