പാലക്കാട്: പാലക്കാട് സി.പിഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളും കസ്റ്റഡിയില്‍. രണ്ട് പ്രതികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് പ്രതികളെ കൂടി വൈകുന്നേരത്തോടുകൂടി അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
പ്രതികള്‍ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഷാജഹാന് പ്രതികളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ബി.ജെ.പി ആണെന്നും കുടുംബം ആരോപിച്ചു.
‘ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഷാജഹാന്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തര്‍ക്കം തുടങ്ങിയത്. പ്രതികള്‍ ഒരു വര്‍ഷം മുമ്പ് വരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആയിരുന്നു. ഷാജഹാനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ നിന്ന് മാറിനിന്നത്. ഇതിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നത്.
രണ്ട് മാസം മുമ്പാണ് കാര്യമായ ഭീഷണിയുണ്ടാകുന്നത്. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് ദിവസം മുമ്പ് നവീന്‍ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി. ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല,’ ഷാജഹാന്റെ ബന്ധു പറഞ്ഞു.
ഷാജഹാന്റെ കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് ദൃക്സാക്ഷി സുരേഷും ആരോപിച്ചിരുന്നു.
കൊലപാതകം നടത്തിയത് എട്ടംഗ സംഘമായിരുന്നെന്നും എന്നാല്‍ വെട്ടിയത് രണ്ട് പേരായിരുന്നുവെന്നും തന്റെ മകനും അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നുമാണ് സുരേഷ് പറഞ്ഞത്.
‘അവര്‍ ഒറിജിനല്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരാണ്. അതുകൊണ്ടാണ് സഖാവ് ഷാജഹാനെ കൊലപ്പെടുത്തിയത്. അതില്‍ യാതൊരു സംശയവുമില്ല. ഞാനൊരു പാര്‍ട്ടി മെമ്പറാണ്,” സുരേഷ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് മലമ്പുഴ കുന്നങ്കോട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.30ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടക്ക് പരിസരത്തായിരുന്നു സംഭവം.
സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.