| Friday, 28th October 2022, 6:04 pm

'അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം...' ; സമൂഹ മാധ്യമങ്ങളില്‍ വൈറലായി അച്ഛന്‍ മക്കള്‍ക്കെഴുതിയ ഒസ്യത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ‘അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാര്‍ട്ടി ഓഫീസില്‍ നിന്നും ആരെങ്കിലും പതാകയായി വന്നാല്‍ അതിന് പ്രാധാന്യം കൊടുക്കണം,’ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ തന്റെ മക്കള്‍ക്ക് അവസാന കാലത്ത് എഴുതിയ ഒരു കത്താണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

‘അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാര്‍ട്ടി ഓഫീസില്‍ നിന്നും ആരെങ്കിലും പതാകയായി വന്നാല്‍ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോള്‍ പതാക കത്താതെ മടക്കി നിങ്ങള്‍ സൂക്ഷിച്ചുവക്കണം. നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്‍ക്കുക. അതില്‍ അച്ഛനുണ്ട്. ലോകജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. പാര്‍ട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാല്‍ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദമായിരിക്കുക. ഒരിക്കല്‍ നമ്മുടെ പാര്‍ട്ടി അതിജീവിക്കും…
എന്ന് മനു, കുഞ്ചു, രാജി എന്നിവര്‍ക്ക് അച്ഛന്‍’- പ്രദീപ് കുമാര്‍ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് മക്കള്‍ക്ക് ഇങ്ങനെയൊരു കത്ത് എഴുതിയത്.

ഒറ്റപ്പാലം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സി.പി.ഐ.എം നേതാവുമായിരുന്ന പി.കെ പ്രദീപ് കുമാര്‍ രണ്ടാഴ്ച മുമ്പ് ഒക്ടോബര്‍ 8നാണ് അകാലത്തില്‍ രോഗബാധിതനായി മരിക്കുന്നത്. പ്രദീപ് കുമാര്‍ അന്തരിച്ചിട്ട് 20 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ പങ്കുവെച്ച ആ കത്താണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

പ്രദീപ് കുമാറിനെ അനുസ്മരിച്ചുകൊണ്ട് മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

ഒട്ടും താങ്ങാനാകാത്ത, വളരെ വേദനാജനകമായ ഒരു വിയോഗമാണ് സഖാവ് പി.കെ. പ്രദീപ് കുമാറിന്റേത്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ പ്രദീപും ശ്രീരാമകൃഷ്ണനും, ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഡിഗ്രി വിദ്യാര്‍ഥികളായിരുന്നു. പ്രദീപ് പ്രായം കൊണ്ട് അതിലും മുതിര്‍ന്നയാളായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ചില ജോലികള്‍ക്ക് പോയി നാടകപ്രവര്‍ത്തനമെല്ലാമായി നടന്ന്, ഏതാനും വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രദീപ് ഡിഗ്രിക്ക് ചേരുന്നത്. അതുകൊണ്ടുതന്നെ ഒരു മുതിര്‍ന്ന കാരണവരെന്ന പോലെയാണ് പ്രദീപിനെ ഞങ്ങളെല്ലാവരും കണ്ടിരുന്നത്.

എന്‍.എസ്.എസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അങ്ങേയറ്റം പ്രിയങ്കരനായിരുന്നു പി.കെ. പ്രദീപ് കുമാര്‍. പ്രസംഗ വൈഭവവും കലാ സാംസ്‌കാരിക രംഗത്തെ ഇടപെടലും കോളേജിലെ ശ്രദ്ധാകേന്ദ്രമാക്കി പ്രദീപിനെ മാറ്റിയിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ, പ്രദീപ് ഉള്‍പ്പെടെയുള്ളവരുടെ മുതിര്‍ന്ന സംഘത്തില്‍ ഞാന്‍ അംഗമായി. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ രാത്രിയിലെ ചുവരെഴുത്ത്, പോസ്റ്റര്‍ ഒട്ടിക്കല്‍, കൊടി സ്ഥാപിക്കല്‍ എന്നിവയെല്ലാമുള്ള സംഘത്തില്‍ പ്രദീപിനൊപ്പം ഞാനുമുണ്ടായിരുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും എല്ലായിടത്തുമുള്ള സാമ്പത്തിക ബുദ്ധിമുട്ടിന് പ്രദീപിന്റെ വരവോടെ അല്‍പ്പം ആശ്വാസമുണ്ടായിരുന്നു. ഇടക്കാലത്ത് ജോലിക്കൊക്കെ പോയി കുറച്ച് സാമ്പത്തിക ഭദ്രത കൈവരിച്ച പ്രദീപിന്റെ കൈവശം, ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരാനുള്ള പണം എപ്പോഴുമുണ്ടായിരുന്നു. ഇല്ലെങ്കില്‍ തന്റെ വിപുലമായ ബന്ധങ്ങളുള്‍പ്പെടെ ഉപയോഗിച്ച് പ്രദീപ് അധ്യാപകരുള്‍പ്പടെ പലരില്‍ നിന്നും കടം വാങ്ങും. എസ്.എഫ്.ഐക്കാലത്തെ ഭക്ഷണത്തിനുള്ള മുട്ട് പരിഹരിച്ചിരുന്നത് പ്രദീപായിരുന്നു. എത്രയോ ദിവസങ്ങളില്‍ പ്രദീപിന്റെ ഒറ്റപ്പാലം ടൗണിലെ വേങ്ങേരി അമ്പലത്തിന് എതിര്‍വശത്തുള്ള വീട്ടില്‍ താമസിച്ചിട്ടുണ്ട്. അവിടുത്തെ വലിയ കുളത്തില്‍ കൂട്ടായി കുളിച്ചതുമെല്ലാം ഇപ്പോഴും ഹൃദ്യമായ ഓര്‍മ്മയാണ്. അങ്ങനെയൊരു ആത്മബന്ധമായിരുന്നു പ്രദീപുമായി ഉണ്ടായിരുന്നത്.

ബിരുദ പഠനം കഴിഞ്ഞ് അധികം വൈകാതെ പ്രദീപ് എസ്.എഫ്.ഐ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വിവാഹിതനാവുകയും ചെയ്തു, പിന്നീട് ഒറ്റപ്പാലത്തെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ നിറസാന്നിധ്യമായി മാറി. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഞങ്ങള്‍ ഇരുവരും പ്രവര്‍ത്തന മേഖല വ്യത്യസ്ത പ്രദേശങ്ങളിലാവുകയും, ഞാന്‍ തിരുവനന്തപുരത്തും പിന്നീട് ദല്‍ഹിയിലുമെല്ലായപ്പോളും ഫോണ്‍ വഴിയും ഇടയ്ക്ക് കാണുന്ന രീതിയിലുമെല്ലാം ബന്ധം തുടര്‍ന്നു. അതിനിടയില്‍ എപ്പോഴോ പ്രദീപ് രോഗബാധിതനായി. രോഗത്തെ സൗമ്യവും ധീരവുമായ പുഞ്ചിരികൊണ്ട് പ്രദീപ് നേരിട്ടു.

ഒരിക്കല്‍ ഗുരുതരാവസ്ഥയിലായ പ്രദീപിനെ കാണാന്‍ പോയത് ഓര്‍മ്മിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നിറഞ്ഞ വാക്കുകള്‍ അന്ന് ഒരുപാട് നേരം സംസാരിച്ചിരുന്നു. പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കെ രോഗം വീണ്ടും ഗുരുതരമാവുകയും, ഏറെ നാള്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്തു. പിന്നീട് അദ്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു. കഴിഞ്ഞ ദിവസം പ്രദീപ് പിന്നെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി എന്ന് അറിഞ്ഞപ്പോള്‍, ഒരിക്കല്‍ക്കൂടി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല.

ഒടുവില്‍ പ്രദീപിനെ കാണുന്നത് മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോളാണ്. ഓക്‌സിജന്‍ സിലിണ്ടറുമായി മാസ്‌ക് മുഖത്ത് വെച്ച് വീട്ടിനുള്ളില്‍ തന്നെയാണ് പ്രദീപ് ഇരുന്നത്. അപ്പോളും പ്രസന്ന വദനനായി അവശതയില്ലാത്ത വാക്കുകളില്‍ പ്രദീപ് ഞങ്ങളോടെല്ലാം സംസാരിച്ചു. ഒരുപക്ഷെ ഞങ്ങളെയെല്ലാം ഒരുമിച്ച് കണ്ടപ്പോള്‍, പ്രദീപിന് പഴയ ഓര്‍മകള്‍ ഊര്‍ജം നല്‍കിയെന്നാണ് തോന്നുന്നത്.

ഇപ്പോള്‍ പ്രദീപിന്റെ വിയോഗവാര്‍ത്ത അറിയുമ്പോള്‍ മനസില്‍ ഓര്‍മ്മകളുടെ കടലിരമ്പമുണ്ട്. മൂന്ന് പതിറ്റാണ്ടിന്റെ ഉറ്റ സൗഹൃദമാണ് മനസില്‍ അലയടിക്കുന്നത്. പ്രദീപിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജലക്ഷ്മിയുടെയും മക്കളുടെയും നഷ്ടം വിവരിക്കാനാകാത്തതാണ്. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു.
ലാല്‍സലാം കോമ്രേഡ്

Content Highlight: CPIM Worker Pradeep Kumar’s Last Letter to His Children Before Death; Trending on Social Media

We use cookies to give you the best possible experience. Learn more