Advertisement
Kerala News
പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞെന്ന കേസ്; സി.പി.ഐ.എം നേതാവിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 07, 04:12 pm
Monday, 7th January 2019, 9:42 pm

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ സി.പി.ഐ.എം മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് ജാമ്യം. പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസാണ് അതുല്‍ദാസിനെതിരെ ചുമത്തിയിരുന്നത്.

ജനുവരി 3ന് നടന്ന ഹര്‍ത്താലിനിടെയാണ് പള്ളിയ്ക്ക് നേരെ കല്ലേറുണ്ടായത്. എന്നാല്‍ സംഘര്‍ഷമുണ്ടാക്കാന്‍ മനപൂര്‍വ്വം കല്ലെറിഞ്ഞെന്ന ആരോപണം സി.പി.ഐ.എം നിഷേധിച്ചിരുന്നു.

 

ഹര്‍ത്താല്‍ ദിനത്തില്‍ പള്ളിയ്ക്കു സമീപത്തുവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിയുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പള്ളിയുടെ തൂണിന് കല്ലുകൊണ്ടതാവാമെന്നാണ് സി.പി.ഐ.എം വിശദീകരണം. ബോധപൂര്‍വ്വമായ ആക്രമണമായിരുന്നില്ല ഇതെന്നും സംഘടന വാദിച്ചിരുന്നു.

അതേസമയം മനപൂര്‍വ്വം വര്‍ഗീയലഹളയുണ്ടാക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നതായി ലീഗും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.