'പാര്‍ട്ടി ഒപ്പമുണ്ട്, നിയമസഹായം നല്‍കില്ലെന്നു പറഞ്ഞതില്‍ തെറ്റില്ല'; യു.എ.പി.എ സംഭവത്തില്‍ പ്രതികരണവുമായി അലന്റെ അമ്മ സബിത മഠത്തില്‍
UAPA
'പാര്‍ട്ടി ഒപ്പമുണ്ട്, നിയമസഹായം നല്‍കില്ലെന്നു പറഞ്ഞതില്‍ തെറ്റില്ല'; യു.എ.പി.എ സംഭവത്തില്‍ പ്രതികരണവുമായി അലന്റെ അമ്മ സബിത മഠത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2019, 8:47 pm

കോഴിക്കോട്: സി.പി.ഐ.എം ഒപ്പമുണ്ടെന്ന് യു.എ.പി.എ ചുമത്തപ്പെട്ട അലന്‍ ഷുഹൈബിന്റെ അമ്മ സബിത മഠത്തില്‍. നിയമസഹായം നല്‍കില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ അവര്‍ പറഞ്ഞു.

‘അലന് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നിയമസഹായം ക്രമീകരിക്കും. നിയമസഹായം നല്‍കില്ലെന്ന് പി. മോഹനന്‍ പറഞ്ഞതില്‍ തെറ്റില്ല. ജില്ലാ കമ്മിറ്റി തലത്തില്‍ വിഷയം എത്താത്തതിനാലാണ് അങ്ങനെ പറഞ്ഞത്.’- സബിത പറഞ്ഞു.

അതേസമയം ഇതു ഭരണകൂട ഭീകരതയെന്നായിരുന്നു കഴിഞ്ഞ ദിവസം അലന്‍ പ്രതികരിച്ചത്. തങ്ങളെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച കേസിലാണെന്നും തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും അലന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തതില്‍ വ്യാപകമായ പ്രതിഷേധമാണ് സി.പി.ഐ.എമ്മിനുള്ളില്‍ നിന്നും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

യു.എ.പി.എ ചുമത്തരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ഒരു സന്ദര്‍ഭത്തിലും യു.എ.പി.എയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തിലും അത്തരം സമീപനം പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കു നിയമസഹായം നല്‍കില്ലെന്നു വ്യക്തമാക്കി പി. മോഹനന്‍ രംഗത്തെത്തിയതിനു പിന്നാലെയാണു സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.