| Wednesday, 19th February 2020, 5:47 pm

അമ്പത്തെട്ടാം വര്‍ഷവും വിജയം സി.പി.ഐ.എമ്മിന്; ചരിത്രമെഴുതി തലസരി തെഹ്‌സില്‍ പഞ്ചായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ അമ്പത്തെട്ട് വര്‍ഷം തുടര്‍ച്ചയായി ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സി.പി.ഐ.എം ഭരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഇനിയുള്ള അഞ്ച് വര്‍ഷവും സി.പി.ഐ.എം തന്നെ ഭരിക്കാനാണ് ജനവിധി. 1965ലാണ് സി.പി.ഐ.എം ആദ്യമായി ഇവിടെ അധികാരത്തിലെത്തുന്നത്. പിന്നീട് മറ്റൊരു പാര്‍ട്ടിക്കും ബ്ലോക്ക്പഞ്ചായത്ത് സ്വന്തമാക്കാനായിട്ടില്ല.

മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത്, മുംബൈയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് പല്‍ഗര്‍ ജില്ലയിലെ തലസരി. ഫെബ്രുവരി 15ന് തലസരി ബ്ലോക്ക്പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ക്കൂടി ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് സി.പി.ഐ.എം വിജയിച്ചു. നന്ദകുമാര്‍ ഹെഡ്ഡല്‍ ചെയര്‍പേഴ്‌സണായും രാജേഷ് ഖാര്‍പഡെ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പഞ്ചായത്ത് ഭരണസമിതിയില്‍ 10 ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളാണുള്ളത്. ഇതില്‍ എട്ട് സീറ്റുകളിലും സി.പി.ഐ.എമ്മാണ് വിജയിച്ചത്. തലസരി തെഹ്‌സിലിലെ അഞ്ചില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളും സി.പി.ഐ.എം വിജയിച്ചു.

പല്‍ഗര്‍ ജില്ലയില്‍ സി.പി.ഐ.എം ആറ് ജില്ലാ പഞ്ചായത്ത് സീറ്റുകളും 12 പഞ്ചായത്ത് സീറ്റുകളുമാണ് ആകെ നേടിയത്. 2015ല്‍ നേടിയതിനേക്കാള്‍ 3 സീറ്റുകളാണ് സി.പി.ഐ.എം അധികം നേടിയത്.

ഒക്‌ടോബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തലസരി ഉള്‍പ്പെടുന്ന ദഹാനു നിയോജക മണ്ഡലത്തില്‍ സി.പി.ഐ.എമ്മാണ് വിജയിച്ചത്. 1978ല്‍ ഈ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 10 നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പതെണ്ണത്തിലും സി.പി.ഐ.എമ്മാണ് വിജയിച്ചത്. 2014ല്‍ മാത്രമാണ് സി.പി.ഐ.എം പരാജയപ്പെട്ടത്.

1945ല്‍ ജന്മിമാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കിസാന്‍ സഭയുടേയും നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തിയ പോരാട്ടമാണ് ഈ മണ്ഡലത്തില്‍ സി.പി.ഐക്കും പിന്നീട് സി.പി.ഐ.എമ്മിനും ശക്തമാരായ വേരോട്ടം നേടിക്കൊടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more