ഭുവനേശ്വര്‍: ഒഡീഷയിലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ സി.പി.ഐഎമ്മിന്റെ ലക്ഷ്മണ്‍ മുണ്ടയ്ക്ക് വിജയം. ബിജു ജനതാദളിലെ രഞ്ജിത്ത് കിഷാനെ 11594 വോട്ടിനാണ് ബോണായ് മണ്ഡലത്തില്‍ സി.പി.ഐ എമ്മിലെ ലക്ഷ്മണ്‍ മുണ്ട പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചിരുന്നില്ല. ബിജെപി മൂന്നാം സ്ഥാനത്താണ്. ലക്ഷ്മണ്‍ മുണ്ട 2004ലും 2014 ലും ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2014ല്‍ ബിജു ജനതാദളിന്റെ തന്നെ ദയാനിധി കിസനെ 1818 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
ഗിരിവര്‍ഗമേഖലയിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സമരങ്ങള്‍ നടത്തിയിട്ടുള്ള മുണ്ട മണ്ഡലത്തിലെ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ നിരാഹാരം ശ്രദ്ധേയമായിരുന്നു. മറ്റ് നാല് മണ്ഡലങ്ങളിലേക്ക് കൂടി ഒഡീഷയില്‍ സി.പി.ഐ.എം മത്സരിച്ചെങ്കിലും വിജയിച്ചില്ല.
അതേസമയം ഒഡിഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വീണ്ടും അധികാരത്തിലെത്തും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് നവീന്‍ പട്‌നായിക് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 147 മണ്ഡലങ്ങളില്‍ 101 സീറ്റുകളിലും നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ മുന്നിട്ട് നില്‍ക്കുകയാണ്. 30 സീറ്റുകളില്‍ ബി.ജെ.പിയും 11 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്.
ബി.ജെ.ഡിയും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. രണ്ട് മണ്ഡലത്തിലാണ് ഇത്തവണ പട്‌നായിക് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.