കോഴിക്കോട്: ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പങ്കെടുത്ത മേയര്‍ ബീന ഫിലിപ്പിനെതിരെ കടുത്ത സി.പി.ഐ.എം നടപടി ഉണ്ടാകില്ല. ബീന ഫിലിപ്പ് തെറ്റ് അംഗീകരിച്ചതിനാല്‍ മറ്റു നടപടികളുടെ ആവശ്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
എന്നാല്‍ മേയര്‍ക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി വിമര്‍ശനമുന്നയിച്ചു. ചില മേയര്‍മാരുടെ ധാരണ നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കണമെന്നാണ്. അതിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണ് ഇതെന്നും കോടിയേരി പറഞ്ഞു.
‘ആരെങ്കിലും ഒന്ന് വിളിച്ചാല്‍ അപ്പോ അങ്ങോട്ട് പോകാമോ. പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാന്‍ പോയിരുന്നു. ഞങ്ങള്‍ പിറ്റേ ദിവസം തന്നെ നടപടിയെടുത്തു. ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. അദ്ദേഹം ഇതിനേക്കാള്‍ വലിയ നേതാവായിരുന്നു.
നല്ല ക്ലാസെടുക്കുന്ന ആളുമായിരുന്നു. അതുകൊണ്ട് കോഴിക്കോട് മേയറെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,’ കോടിയേരി പറഞ്ഞു.
അതേസമയം, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞദിവസം ബീന ഫിലിപ്പിനെ പാര്‍ട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ബാലഗോകുലത്തിന്റെ പരിപാടിയുള്ളത് തന്റെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും കൃത്യമായി അറിയിക്കാത്തതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ടായിരുന്നു.
CONTENT HIGHLIGHTS: CPIM will not take tough action against Mayor Bina Philip who participated in Balagokulam’s program