| Sunday, 2nd March 2014, 12:23 am

കത്തു നല്‍കിയാല്‍ നന്നാവുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം; വി.എസിനോട് ആര്‍.എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: കത്തു നല്‍കിയാല്‍ നന്നാവുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്നും ഉള്‍പ്പാര്‍ട്ടി സമരത്തിലൂടെ സി.പി.ഐ.എമ്മിനെ രക്ഷിക്കാമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആഗ്രഹം വ്യാമോഹം മാത്രമാണെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു.

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്ന വി.എസിന്റെ ആവശ്യം പാര്‍ട്ടി നേതൃത്വം അംഗീകരിക്കില്ലെന്നും വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി ചെവികൊണ്ടില്ലെങ്കിലും വി.എസ് പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹവും ജനങ്ങളും ഏറ്റെടുക്കും. വലതുപക്ഷ വ്യതിയാനത്തിലേക്കു നീങ്ങുന്ന സി.പി.ഐ.എമ്മിനെ ഉള്ളില്‍നിന്നു തിരുത്താന്‍ ശ്രമിക്കാതെ പുറത്തുവന്നു യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പോരാട്ടത്തിനു വി.എസ് നേതൃത്വം നല്‍കണമെന്നും വേണു ആവശ്യപ്പെട്ടു.

“കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ ശബ്ദിക്കുന്ന കെ.സി ഉമേഷ്ബാബുവിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന സി.പി.ഐ.എം തുടങ്ങിക്കഴിഞ്ഞു. സി.പി.ഐ.എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പറയുന്ന കാര്യങ്ങള്‍ ഇതു തെളിയിക്കുന്നതാണ്.

ഉമേഷ് ബാബുവിനു വധഭീഷണിയുണ്ടെന്നു സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. ടി.പി ചന്ദ്രശേഖരനു വധഭീഷണിയുണ്ടായിരുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടതു പോലെ ഈ റിപ്പോര്‍ട്ട് അവഗണിക്കപ്പെടരുത്” വേണു പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശം ഉയര്‍ത്തി ടി.പിയുടെ ഭാര്യ കെ.കെ രമയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സന്ദേശയാത്ര 16 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച് 26ന് തിരുവനന്തപുരത്തു സമാപിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ഐക്യമുന്നണിക്കു രൂപം നല്‍കും. എല്ലാ സീറ്റുകളിലും മുന്നണി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more