| Sunday, 1st November 2020, 9:40 am

വിവാദങ്ങള്‍ പുകയുന്നതിനിടെ മാധ്യമങ്ങള്‍ക്കെതിരെ സി.പി.ഐ.എമ്മിന്റെ ജനകീയ കൂട്ടായ്മ ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ സി.പി.ഐ.എമ്മിന്റെ ജനകീയ കൂട്ടായ്മ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക്. സ്വര്‍ണക്കടത്ത് കേസുള്‍പ്പെടെയുള്ള വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനിടയിലാണ് മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ സി.പി.ഐ.എം പരിപാടി സംഘടിപ്പിക്കുന്നത്.

പാര്‍ട്ടി ബ്രാഞ്ചുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

മാധ്യമ നുണകള്‍ക്കെതിരെയുള്ള പ്രതിഷേധം ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നും മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ വാര്‍ത്തകള്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് നല്‍കുന്നതെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം.

അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസിലും പ്രം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണ് ഉള്ളത്. നിരന്തരം നുണകള്‍ നിര്‍മ്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ച് കൊണ്ട് സി.പി.ഐ.എം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM will hold a protest against media today

We use cookies to give you the best possible experience. Learn more