അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.ഐ.എം തീരുമാനം; നാളെ ആദ്യ യോഗം
UAPA
അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.ഐ.എം തീരുമാനം; നാളെ ആദ്യ യോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 9:25 am

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.ഐ.എം തീരുമാനം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു.

ആദ്യ യോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.ഐ.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ് അലന്‍.

എന്നാല്‍ താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം എന്നാണെന്നു വ്യക്തമായിട്ടില്ല. അതിനിടെ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി 14-നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുതകുന്ന ഒരു രേഖയും പൊലീസിന്റെ പക്കലില്ലെന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്. നിയമ വിദ്യാര്‍ഥിയായ തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്.

ഒരു ഫോണ്‍ മാത്രമാണ് തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതെന്നും അത് മാവോവാദി ബന്ധം തെളിയിക്കുന്ന രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണെന്നും ഏതെങ്കിലും പുസ്തകം കണ്ടെടുത്തതിന്റെ പേരില്‍ മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. തന്നെക്കൊണ്ട് പൊലീസ് മുദ്രാവാക്യം വിളിപ്പിച്ചെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.