| Monday, 9th October 2017, 2:26 pm

മാറാട് വീണ്ടും കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആര്‍.എസ്.എസ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാറാട് വീണ്ടും കലാപഭൂമിയാക്കാനുള്ള ബി.ജെ.പി- ആര്‍.എസ്.എസ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്. കുമ്മനം രാജശേഖരന്റെ മാറാട് സന്ദര്‍ശനവും പ്രസംഗവും വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പു നല്‍കുന്നു.

വര്‍ഗീയ വികാരം ഇളക്കിവിട്ട് എളുപ്പത്തില്‍ കലാപത്തിന് തിരികൊളുത്തുന്നതിന് പറ്റിയ പ്രദേശമാണെന്ന മുന്‍കാല അനുഭവത്തില്‍ നിന്നായിരിക്കും കുമ്മനം മാറാട് എത്തിയതും പ്രകോപനപരമായി സംസാരിച്ചതും. കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളും ജാഗ്രതപാലിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മാറാട് മുന്‍കാലങ്ങളിലുണ്ടായ അക്രമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ അക്രമങ്ങളുടെ തുടക്കം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് വ്യക്തമാണ്. 1986ല്‍ ബേപ്പൂരിലുണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം ഇമ്പിച്ചിക്കോയ എന്ന മത്സ്യത്തൊഴിലാളിയെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയതായിരുന്നു. 2002ല്‍ മാറാട് കലാപത്തിന് തുടക്കമിട്ടത് പരീച്ചന്റകത്ത് കുഞ്ഞിക്കോയ എന്നയാളെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.


Must Read: അമൃതാനന്ദമയീ മഠത്തിലെത്തിയ അമേരിക്കക്കാരനായ യുവാവ് ക്രൂരമര്‍ദ്ദനത്തിനിരയായി; ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍


2002ലെ കലാപത്തില്‍ ഇരുവിഭാഗത്തില്‍ നിന്നും വിലപ്പെട്ട പതിനാലു ജീവനകളാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും ചാമ്പലാക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ അതേരീതിയില്‍ തന്നെ തീവ്രവാദി സംഘവും രംഗത്തുവന്നതോടെയാണ് ഈ സാഹചര്യമുണ്ടായത്. ഈ ഘട്ടത്തില്‍ സര്‍വ്വം നഷ്ടപ്പെട്ടത് പ്രദേശത്തെ നൂറുകണക്കിന് സാധാരണ ജനങ്ങള്‍ക്കായിരുന്നു.

സി.പി.ഐ.എമ്മും മറ്റു മതനിരപേക്ഷ ജനാധിപത്യ ശക്തികളും ഇടപെട്ടു നടത്തിയ വലിയ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാറാട് സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാനായത്. ഇപ്പോള്‍ ജിഹാദികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം 1991ല്‍ ഇവരുമായി സഖ്യമുണ്ടാക്കിയത് ആരും മറക്കാനിടയില്ലെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ജിഹാദി ഭീകര്‍ക്കെതിരായ മുന്നേറ്റത്തിന് ആര്‍.എസ്.എസ് തുടക്കം കുറിച്ച സ്ഥലമാണ് മാറാട് എന്നാണ് മാറാട് കുമ്മനം പ്രസംഗിച്ചത്.

We use cookies to give you the best possible experience. Learn more