| Wednesday, 7th July 2021, 5:36 pm

സര്‍ക്കാരിനും മുന്നണിയ്ക്കും നാണക്കേടുണ്ടാക്കരുത്; ഐ.എന്‍.എല്ലിന് സി.പി.ഐ.എമ്മിന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി. കോഴവിവാദത്തില്‍ ഐ.എന്‍.എല്ലിന് സി.പി.ഐ.എമ്മിന്റെ താക്കീത്. ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.ഐ.എം. മുന്നറിയിപ്പ് നല്‍കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ഐ.എന്‍.എല്‍. നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്.

വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഐ.എന്‍.എല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐ.എന്‍.എല്‍. നേതാക്കള്‍ പ്രതികരിച്ചു.

ഇന്ന് മൂന്ന് മണിക്കാണ് എ.കെ.ജി. സെന്ററില്‍ വെച്ച് ഐ.എന്‍.എല്‍. നേതാക്കളും വിജയരാഘവനും തമ്മില്‍ ചര്‍ച്ച നടത്തിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐ.എന്‍.എല്‍. നേതാക്കള്‍ വിജയരാഘവനെ അറിയിച്ചു.

ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പുറത്താക്കിയിരുന്നു

ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ നേരത്തെ ഐ.എന്‍.എല്‍. നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഐ.എന്‍.എല്‍. പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും ബുധനാഴ്ച തിരുവനന്തപുരത്തെത്തി കാണാനായിരുന്നു നിര്‍ദ്ദേശം.

അതേസമയം, കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ ഐ.എന്‍.എല്ലില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

പാര്‍ട്ടിയുടെ നോമിനിയായി അബ്ദുള്‍ സമദിനെ പി.എസ്.സി. അംഗമായി തെരഞ്ഞെടുത്തതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വാങ്ങിയെന്നും ബാക്കി 20 ലക്ഷം പിന്നീട് വാങ്ങാനുമാണ് തീരുമാനമെന്നുമായിരുന്നു ഇ.സി. മുഹമ്മദിന്റെ ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Warns INL PSC Scam

We use cookies to give you the best possible experience. Learn more