തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 10 ലക്ഷത്തിലധികം ഒഴിവുകള്‍; ഉടന്‍ നികത്തണമെന്ന് സി.പി.ഐ.എം
national news
തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 10 ലക്ഷത്തിലധികം ഒഴിവുകള്‍; ഉടന്‍ നികത്തണമെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2022, 5:44 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജോലിയിലെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയര്‍ത്തുകയും വേണമെന്ന് സി.പി.ഐ.എം. തൊഴിലില്ലാഴ്മ രൂക്ഷമാകുമ്പോഴും പത്ത് ലക്ഷത്തിലധികം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

‘രാജ്യത്ത് 20 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 42 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇതോടൊപ്പം ജനസംഖ്യയുടെ 61.2 ശതമാനം വരുന്ന ഏകദേശം 90 കോടിയോളം വരുന്ന നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവര്‍ ജോലി അന്വേഷിക്കുന്നത് തന്നെ നിര്‍ത്തി എന്നാണ് 2020ലെ കണക്കുകള്‍ പറയുന്നത്.

തൊഴില്‍ പങ്കാളിത്ത നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 38.8 ശതമാനമാണ്. സ്ത്രീകളാണ് ഇതിനാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 0.33 ശതമാനം അപേക്ഷകര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് മോദി സര്‍ക്കാരിന് തന്നെ പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടി വന്നു. പത്തുലക്ഷത്തിലധികം ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണിത്,’ സി.പി.ഐ.എം പറഞ്ഞു.

അതേസമയം, രാജ്യത്ത് ക്രമാതീതമായി ഉയരുന്ന ഇന്ധന വിലവര്‍ധനവിനും, തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, രാജ് ഭവന്‍ തുടങ്ങിയവ ഉപരോധിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ഉപരോധത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ കൂട്ടമായി അറസ്റ്റിന് തയ്യാറാകുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

തദ്ദേശ തലം മുതല്‍ ജില്ലാതലം വരെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളെല്ലാം അവര്‍ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കുകയും കൂട്ടത്തോടെ അറസ്റ്റ് വരിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.