കോട്ടയം: നിര്‍മാണം തുടങ്ങി ഏഴ് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കോട്ടയം പട്ടണത്തിലെ ആകാശ പാത പദ്ധതിയുടെ അവശിഷ്ടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സി.പി.ഐ.എം. ആകാശ പാത കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വം പറഞ്ഞു.
കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണം. പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, ഉത്തരവാദി തിരുവഞ്ചൂര്‍ മാത്രമാണെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി. റസല്‍ ആരോപിച്ചു.
നേരത്തെ, കമ്പികള്‍ തുരുമ്പിച്ച ആകാശ പാത പൊളിച്ചുകളയുകയാണ് വേണ്ടതെന്ന് കോട്ടയത്ത് നിന്നുള്ള സഹകരണ മന്ത്രി വി.എന്‍. വാസവനും അഭിപ്രായപ്പെട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തായിരിക്കും പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നാണ് മന്ത്രി മറുപടി നല്‍കിയത്.
അതേസമയം, ആകാശ പാത പൂര്‍ത്തിയാക്കാനുള്ള ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. എന്നാല്‍ റൗണ്ടാനക്ക് സമീപമുള്ള റോഡുകള്‍ നന്നാക്കിയത് സര്‍ക്കാര്‍ ഫണ്ട് ഉപോഗിച്ചാണെന്നും, അതില്‍ രാഷ്ട്രീയമില്ലേയെന്നുമാണ് സി.പി.ഐ.എമ്മിന്റെ മറുവാദം.
പുതിയൊരു മാള്‍ തുറക്കുമ്പോള്‍ ഏറെ തിരക്കാകുന്ന റൗണ്ടാനയില്‍ കാല്‍ നട യാത്രക്കാര്‍ക്ക് അപകടം കൂടാതെ റോഡ് കുറുകെ കടക്കുന്നതിന് സൗകര്യമൊരുക്കാനാണ് ആകാശ പാത വിഭാവനം ചെയ്തത്. ലിഫ്റ്റും എസ്‌കലേറ്ററും മുകളില്‍ വിശ്രമിക്കാനുള്ള സൗകര്യവും അക്വേറിയവും ലഘു ഭക്ഷണ ശാലയുമടക്കമായിരുന്നു വന്‍ പദ്ധതി.
ആകാശപാതയുടെ മുകള്‍ ഭാഗം ഗാന്ധി സ്മാരകമാക്കാനും ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. മാള്‍ തുറന്നെങ്കിലും നഗരത്തില്‍ റൗണ്ടാനക്ക് സമീപം തിരക്കില്ലാതായി. ആകാശ പാതക്ക് വേണ്ട സ്ഥലം സഭ വിട്ടുകൊടുക്കാതെ വന്നതോടെ നേരത്തേ പ്ലാന്‍ ചെയ്ത രീതിയില്‍ ആവശ്യമായ സ്ഥലം ലഭ്യമായില്ല. താഴത്തെ തൂണുകളിലൊന്ന് അതോടെ പുറത്തായി. തൂണിന് മുകളിലത്തെ വളയങ്ങളിലൊന്ന് വെല്‍ഡ് ചെയ്തു പിടിപ്പിക്കേണ്ടിയും വന്നു.
വൈദ്യുതി, ടെലിഫോണ്‍, വാട്ടര്‍ അതോറിറ്റി ലൈനുകള്‍ എന്നിവ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ എന്‍ജിനിയര്‍മാര്‍ പലതവണ മാറിയെങ്കിലും, ആകാശ പാതയുടെ പണി മാത്രം മുന്നോട്ടു നീങ്ങിയില്ല. ആറ് കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് ഇതിനകം തന്നെ രണ്ട് കോടി രൂപ മുടക്കിയിട്ടുണ്ട്.
Content Highlight: CPIM wants to demolish the Kottayam Sky way project