| Wednesday, 21st September 2022, 4:44 pm

കൊവിഡാനന്തര കെടുകാര്യസ്ഥതയില്‍ നിന്ന് കരകയറാന്‍ സെന്‍സെസ് അനിവാര്യം; ജനസംഖ്യാ- ജാതി സെന്‍സെസുകള്‍ അടിയന്തരമായി നടത്തണമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനസംഖ്യാ സെന്‍സെസും ജാതി സെന്‍സെസും അടിയന്തരമായി നടത്തണമെന്ന് സി.പി.ഐ.എം. കൊവിഡിന് ശേഷം ശാസ്ത്രീയമായ നയങ്ങള്‍ രൂപപ്പെടുത്താന്‍ സെന്‍സെസ് അത്യാവശ്യമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

‘2021ലെ ജനസംഖ്യാ സെന്‍സെസും ജാതി സെന്‍സെസും അടിയന്തരമായി നടത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാകണം.

കൊവിഡ് മഹാമാരി നേരിടുന്നതിലെ കെടുകാര്യസ്ഥതയും സാമ്പത്തിക തകര്‍ച്ചയും കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ശാസ്ത്രീയമായ നയങ്ങള്‍ രൂപപ്പെടുത്താനും സെന്‍സെസ് നടത്തി ലഭിക്കുന്ന ഡാറ്റ അനിവാര്യമാണ്,’ യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.

രാജ്യപുരോഗതിക്കാവശ്യമായ പദ്ധതി ആസൂത്രണം, അതില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അര്‍ഹമായ വിഹിതം ഉറപ്പാക്കല്‍, ഭരണനിര്‍വഹണത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ജനസംഖ്യാനുപാതികമായ ക്രമീകരണങ്ങള്‍, ഇതിനൊക്കെ ആവശ്യമായ സ്ഥിതിവിവരങ്ങളാണ് സെന്‍സസിലൂടെ ലഭ്യമാക്കുന്നതെന്നാണ് സി.പി.ഐ.എം പറയുന്നത്.

ഉയര്‍ന്ന ജാതികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ജോലികളിലും ഉന്നതവിദ്യാഭ്യാസത്തിലും ആനുപാതികമല്ലാത്ത പങ്കാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ജാതി സെന്‍സെസിലൂടെ കഴിയുമെന്നും സി.പി.ഐ.എം പറയുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാതി സെന്‍സസിനായി ശക്തമായി വാദിക്കുന്ന മറ്റൊരു ദേശീയ നേതാവാണ്.

സെന്‍സെസ് വൈകിപ്പിക്കുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ തത്പര്യമുണ്ടെന്നും സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു.

CONTENT HIGHLIGHTS: CPIM wants to conduct population and caste censuses immediately

We use cookies to give you the best possible experience. Learn more