കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സി.പി.ഐ.എം. സമത എന്ന എ.ഐ മുഖേന പാര്‍ട്ടി തീരുമാനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ.എം ആരംഭിച്ചു.
ജനങ്ങള്‍ക്കിടയില്‍ നിന്ന് സമതക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം പാര്‍ട്ടി നേതൃത്വം പറഞ്ഞു. എന്നാല്‍ വ്യാപക വിമര്‍ശനമാണ് പാര്‍ട്ടിക്കെതിരെ സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്.
ഡിജിറ്റല്‍ പ്രചരണം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ഓഫീസ് മേല്‍നോട്ടം, പുതിയ പദ്ധതികള്‍ തുടങ്ങിയവയാണ് സമതയില്‍ സി.പി.ഐ.എം അപ്‌ലോഡ് ചെയ്തിരിക്കുന്ന വിവരങ്ങള്‍.
ബംഗാളി ഭാഷയില്‍ തുടങ്ങിയ സമതയുടെ ഇംഗ്ലീഷ്-ഹിന്ദി പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സാമിക് ലാഹരി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത് വളരെ സഹായകമാകുമെന്നും പ്രാവീണ്യം നേടിയ ആളുകളാണ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സി.പി.ഐ.എമ്മിന്റെ നീക്കത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്ത ഒരു പാര്‍ട്ടി എ.ഐ ഉപയോഗിക്കുന്നതിലൂടെ രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളോട് അനീതി കാണിക്കുകയാണെന്ന് ടി.എം.സി പറഞ്ഞു. എ.ഐ ഉപയോഗം വര്‍ധിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യയിലെ യുവാക്കളോട് സി.പി.ഐ.എം മാപ്പ് പറയണമെന്ന് ബംഗാള്‍ വിദ്യാഭ്യസമന്ത്രി ബ്രത്യ ബസു ചൂണ്ടിക്കാട്ടി.
എന്നാല്‍ സി.പി.ഐ.എം കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്തിട്ടില്ലെന്നും ഏതാനും ബാങ്കുകളില്‍ ഇതുമൂലമുണ്ടായ പിരിച്ചുവിടലിനെ മാത്രമാണ് എതിര്‍ത്തതെന്നുമായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.
ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കുള്ള 21 സ്ഥാനാര്‍ത്ഥികളെ സി.പി.ഐ.എം കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വോട്ടെടുപ്പ് സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കും.
എം.ഡി സാമില്‍, സുജന്‍ ചക്രവര്‍ത്തി തുടങ്ങിയ പാര്‍ട്ടി മുതിര്‍ന്ന നേതാക്കളും സൃജന്‍ ഭട്ടാചാര്യ, സയന്‍ ബാനര്‍ജി, ദീപ്ഷിത ധര്‍ തുടങ്ങിയ യുവ നേതാക്കളും മത്സര രംഗത്തുണ്ട്.
Content Highlight: CPIM uses artificial intelligence for election campaign in Bengal