| Wednesday, 16th May 2012, 6:57 pm

മുസ്‌ലിം തീവ്രവാദത്തിന്റെ അനന്ത സാധ്യതകള്‍ സി.പി.ഐ.എം പരീക്ഷിച്ചപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്ലീം അല്ലാത്ത ഒരാളുടെ കാറില്‍ ബോധപൂര്‍വ്വം ഒരു മുസ്‌ലിം ചിഹ്നം പതിച്ചതിലൂടെ സാമ്രാജ്യത്വവും സംഘപരിവാരും ചെയ്യുന്ന അതേ ജോലി തന്നെയാണ് ടി.പിയുടെ കൊലയാളികളും അതിന്റെ ആസൂത്രകരും ചെയ്തത്.

അനന്തന്‍

2012 മെയ് നാല് രാത്രി 10.30. പത്ര മാധ്യമങ്ങള്‍ പേജുകള്‍ സെറ്റ് ചെയ്ത് അവസാന മിനുക്കു പണികള്‍ ചെയ്യുന്ന സമയം. ദൃശ്യമാധ്യമങ്ങള്‍ ലൈവ് ബുള്ളറ്റിനുകള്‍ അവസാനിപ്പിക്കുന്ന സമയം. വടകരയ്ക്കടുത്ത് വള്ളിക്കാട്ട് വെച്ച് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.  51 വെട്ടുകളേറ്റ ആ വിപ്ലവ കമ്മ്യൂണിസ്റ്റ് നേതാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ വാര്‍ത്താ പ്രാധാന്യം ഉള്‍ക്കൊണ്ട് ചാനല്‍ ഡസ്‌കുകള്‍ ഉണര്‍ന്നു. ബ്രേക്കിങ് ന്യൂസ് പോയിക്കൊണ്ടിരുന്നു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു…. വടകര വള്ളിക്കാടാണ് കൊലപാതകം നടന്നത്… എന്നിങ്ങനെയായിരുന്നു എല്ലാ ചാനലുകളുടെയും ബ്രേക്കിങ്….[]

എന്നാല്‍ മണിക്കൂറുകള്‍ക്കകം സി.പി.ഐ.എം ചാനലായ കൈരളിപീപ്പിള്‍ ബ്രേക്കിങ്ങിനൊപ്പം ഒരു വരി കൂടി ചേര്‍ത്തു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സൂചന… പിന്നീട് ഓരോന്നായി വ്യക്തമാവാന്‍ തുടങ്ങി. സംഭവം നടന്നത് വള്ളിക്കാട് മുസ്‌ലിം പള്ളിക്ക് മുന്നില്‍. പ്രതികള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന കാറിന് പിറകില്‍ “മാഷാ അല്ലാ”… എന്ന് അറബിയില്‍ വാചകം… പ്രതികളെന്ന് സൂചനയെന്ന പേരില്‍ കൈരളി ചാനല്‍ ആദ്യം നല്‍കിയ പേര് റഫീഖ് എന്നയാളുടെത്(പിന്നീട് മറ്റു ചാനലുകളിലും കുറച്ച് സമയം ആ പേര് മാത്രമേയുണ്ടായിരുന്നുള്ളൂ…)

ടി.പി ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേല്‍ ആരോപിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ആഗോള തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കേരളത്തില്‍ സി.പി.ഐ.എം തന്നെ ഇടപെടുകയും ചെയ്ത “മുസ്‌ലിം തീവ്രവാദികള്‍” എന്ന പദത്തിന്റെ സാധ്യത എത്ര തന്ത്രപരമായാണ് സി.പി.ഐ.എം ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടുകയാണ്.

ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ കൊലയാളികള്‍ സഞ്ചരിച്ച കാറില്‍ ബോധപൂര്‍വ്വം പതിച്ച അറബി വാചകം അടങ്ങിയ സ്റ്റിക്കര്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. “മാഷാ അല്ലാ” എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവം ഇച്ഛിച്ചാല്‍ എന്നാണ് . കൊലക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചത് പത്രങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ തീവ്രവാദ ബന്ധത്തിന്റെ സൂചന കൂടി നല്‍കി.

കൊലയാളികള്‍ സഞ്ചരിച്ച കാര്‍ മുസ്ലീം അല്ലാത്ത ഒരാളില്‍ നിന്നാണ് വാടകക്ക് എടുത്തത്. മുസ്ലീം അല്ലാത്ത ഒരാളുടെ കാറില്‍ ബോധപൂര്‍വ്വം ഒരു മുസ്‌ലിം ചിഹ്നം പതിച്ചതിലൂടെ സാമ്രാജ്യത്വവും സംഘപരിവാരും ചെയ്യുന്ന അതേ ജോലി തന്നെയാണ് ടി.പിയുടെ കൊലയാളികളും അതിന്റെ ആസൂത്രകരും ചെയ്തത്. ചന്ദ്രശേഖരനെ വധിച്ചത് മുസ്‌ലിം തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അറബി സ്റ്റിക്കര്‍ പതിച്ചതിന്റെ ഉദ്ദേശ്യമെന്ന് വേണം കരുതാന്‍.

തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ പ്രതിരോധത്തിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എവിടെ സ്‌ഫോടനം നടന്നാലും രാജ്യത്തെ അന്വേഷണ സംവിധാനം അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് പതിവ്. ഇതുകൊണ്ട് രണ്ടു ലക്ഷ്യങ്ങളാണ് നടപ്പാക്കപ്പെടുന്നത്. മുസ്‌ലിംകളെ എപ്പോഴും പ്രതിരോധത്തിലാക്കുകയെന്ന സംഘപരിവാര്‍ അജണ്ട. മറ്റൊന്ന് യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കുറുക്കുവഴി. ഈ വഴികള്‍ ടി.പി വധക്കേസിലെ പ്രതികളും കൈരളി ചാനലും പ്രയോഗിച്ചുവെന്നല്ലേ സംശയിക്കേണ്ടി വരുന്നത്. രണ്ടാമതു പറഞ്ഞ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയുമായിരിക്കാം ഗൂഢാലോചകര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ അതിലൂടെ നടപ്പാക്കപ്പെടുന്നത് നേരത്തെ പറഞ്ഞ സാമ്രാജ്യത്വത്തിന്റെയും സംഘപരിവാരിന്റെ യഥാര്‍ത്ഥ അജണ്ടകള്‍ തന്നെയാണ്.

സി.പി.ഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ഈ സമയത്ത് ഈ പ്രശ്‌നത്തിന് അല്‍പം കൂടി മാനം കൈവരികയാണ്. രാജ്യത്ത് ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന് എപ്പോഴും ആണയിടുന്നവരാണ് സി.പി.ഐ.എം. എന്നാല്‍ സ്വന്തം തടി രക്ഷപ്പെടുത്താന്‍ ന്യൂനപക്ഷങ്ങളെ എങ്ങിനെ കുരുതികൊടുക്കാമെന്ന് പാര്‍ട്ടിയുടെ സ്വന്തം ചാനലായ കൈരളിയും കൊലപാതകത്തിന്റെ ആസൂത്രകരും തെളിയിച്ചു കഴിഞ്ഞു.

സ്വാമി അസിമാനന്ദ എന്ന ഹിന്ദുത്വ ഭീകരവാദിയുടെ കുറ്റസമ്മത മൊഴി പുറത്തുവരുന്നത് വരെ, ഇന്റലിജന്‍സ് തീരെയില്ലാത്ത നമ്മുടെ രഹസ്യന്വേഷണ ഏജന്‍സികള്‍ ഹിന്ദുത്വ തീവ്രവാദം എന്ന ഒന്നിനെക്കുറിച്ച് കേട്ടിട്ടു പോലും ഇല്ലായിരുന്നു. മക്ക മസ്ജിദ്  തൊട്ടുള്ള 12 സ്‌ഫോടനങ്ങള്‍ ഹിന്ദുത്വര്‍ നടത്തിയതാണെന്ന് പകല്‍ പോലെ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും ഒരു പൊട്ടിത്തെറി എവിടെയങ്കിലും നടന്നാല്‍ മുസ്‌ലിം യുവാക്കളെ തേടി തന്നെയാകും കേരള പോലീസ് ഉള്‍പ്പെടെ ചാടിപ്പുറപ്പെടുക.

ഇസ്‌ലാമോ ഫോബിയയുടെ ബാക്കി പത്രമായ ഈ സ്ഥിതിവിശേഷം മറ്റാരേക്കാളും നന്നായി തിരിച്ചറിയുന്ന പാര്‍ട്ടിയാണ് സി.പിഐ.എം. സി.പി.ഐ.എമ്മും ബി.ജെ.പിയും കൊല നടത്തിയാല്‍ അത് രാഷ്ട്രീയ കൊലപാതകം മാത്രമേ ആകൂ. ലീഗ് ഉള്‍പ്പെടെ മുസ്‌ലിം പേരുള്ള ആരെങ്കിലും കൊലപാതകത്തില്‍ ആരോപണ വിധേയരായാല്‍ ഒപ്പം തീവ്രവാദ ചാപ്പയും വീഴും. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലെ കൊലയാളികള്‍ തങ്ങളുടെ കുടില തന്ത്രം പ്രയോഗിച്ചത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കൈരളി ചാനല്‍ ബ്രേക്കിങ് പോയിക്കൊണ്ടിരുന്നത് രണ്ട് വരികളാണ്. കൊലനടത്തിയത് റഫീക് എന്നയാള്‍. കൊലക്ക് പിന്നില്‍ മതതീവ്രവാദി സംഘം.

ഇതു വരെ പുറത്തു വന്ന വിവരങ്ങള്‍ പ്രകാരം സി.പി.ഐ.എമ്മിന് വേണ്ടി കൊല തൊഴിലാക്കിയ വ്യക്തിയാണ് റഫീക്ക്. പാര്‍ട്ടി എല്ലായ്‌പ്പോഴും സംരക്ഷിച്ച് നിര്‍ത്തിയ ഗുണ്ട. പക്ഷെ ചന്ദ്രശേഖരന്റെ കൊലക്ക് ശേഷം റഫീക്കിനെ ഒറ്റയടിക്ക് മത തീവ്രവാദിയാക്കുകയാണ് സി.പി.ഐ.എമ്മും കൈരളിയും ചെയ്തത്. തീവ്രവാദ സമവാക്യം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചപ്പോള്‍ പാര്‍ട്ടി തന്ത്രത്തിന്റെ പ്രയോഗം പൂര്‍ണ്ണമാവുകയായിരുന്നു.

എന്നാല്‍ കള്ളപ്രചാരണങ്ങള്‍ക്ക് അധിക നേരത്തെ ആയുസ്സുണ്ടായിരുന്നില്ല. ടി.പി വധത്തെ തുടര്‍ന്ന് ഉണര്‍ന്ന പ്രതിഷേധ ജ്വാലയില്‍ ഈ പ്രചാരണങ്ങള്‍ കത്തിച്ചാമ്പലായി. കൈരളി ചാനലും ഏറെ കഴിയും മുമ്പ് ഈ തരത്തിലുള്ള വാര്‍ത്തകളില്‍ നിന്ന് പിന്‍വലിഞ്ഞു. ടി.പിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുമോയെന്ന് കേരളത്തിന്റെ രാഷ്ട്രീയ പരിസരം വെച്ച് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ കൊലപാതകത്തിന്റെയും അത് ഒളിപ്പിച്ചുവെക്കാന്‍ നടത്തിയ വഞ്ചനയുടെയും കറുത്ത പുള്ളികള്‍ കൊലപാതകികളുടെയും ഗൂഢാലോചകരുടെയും മുഖത്ത് നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല.

2012 മെയ് 16നു പ്രസിദ്ധീകരിച്ചത്

We use cookies to give you the best possible experience. Learn more