| Saturday, 29th January 2011, 1:48 pm

‘ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.പി.എമ്മിന് എന്ത് പ്രതിഫലം ലഭിച്ചു’

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ സി.പി.ഐ.എമ്മിന് എന്ത് പ്രതിഫലമാണ് ലഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കേസിലെ മുഖ്യപ്രതി സി.പി.ഐ.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റപത്രത്തില്‍ ഏഴിടത്തു കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നിട്ടും അയാള്‍ രക്ഷപ്പെട്ടത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. ഇതിനു കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് എന്തു പ്രത്യുപകാരമാണു ലഭിച്ചതെന്നു സിപിഎം വ്യക്തമാക്കണം. കുഞ്ഞാലിക്കുട്ടിയുടെ യഥാര്‍ഥ സംരക്ഷകര്‍ മാര്‍ക്‌സിസ്റ്റുകാരാണ്. തെറ്റുതിരുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ സര്‍ക്കാരില്‍ സിപിഎം സമ്മര്‍ദം ചെലുത്തണം. തെളിവുകളെല്ലാം മുഖ്യമന്ത്രിയുടെ കയ്യിലുള്ളപ്പോള്‍ ഇതിനു മടിക്കുന്നതെന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു.

ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കുള്ള ദേശവിരുദ്ധ ബന്ധം വ്യക്തമായ സ്ഥിതിക്കു ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസ് പുന:പരിശോധിക്കണം. അത്തരമൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് നാണക്കേടാണ്. ആത്മാര്‍ഥത തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കില്‍ ഇ. അഹമ്മദിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം.

ലീഗ് നേതാവുമായി പ്രതിക്കുള്ള ബന്ധം തെളിഞ്ഞതോടെയാണു കള്ളനോട്ട് കേസില്‍ അന്വേഷണം മരവിച്ചത്. ഇതിനെതിരെയുള്ള ബി.ജെ.പിയുടെ പ്രക്ഷോഭപരിപാടികള്‍ 31ന് എറണാകുളത്തു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. മലബാര്‍ സിമന്റ്‌സ് സംഭവത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടെന്നും അക്കാര്യം പിന്നീടു വെളിപ്പെടുത്താമെന്നും മുരളീധരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more