| Tuesday, 30th November 2021, 8:45 am

ത്രിപുരയില്‍ സി.പി.ഐ.എം തന്നെയാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി; തൃണമൂല്‍ വാദങ്ങള്‍ തള്ളി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി തങ്ങളാണെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദത്തെ തള്ളി സി.പി.ഐ.എം. ത്രിപുരയില്‍ സി.പി.ഐ.എമ്മിന് തന്നെയാണ് വോട്ട് ഷെയറില്‍ രണ്ടാം സ്ഥാനമുള്ളതെന്ന് സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

‘അവര്‍ക്ക് (തൃണമൂല്‍ കോണ്‍ഗ്രസ്) എവിടെ നിന്നാണ് ഈ ഡാറ്റ കിട്ടിയിരിക്കുന്നത്? തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ സി.പി.ഐ.എമ്മാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന് പറയുന്നുണ്ട്,’ ചൗധരി പറഞ്ഞു.

അതേസമയം തങ്ങളാണ് രണ്ടാമത്തെ കക്ഷിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ 120 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചതെന്നും 24 ശതമാനം വോട്ട് തങ്ങള്‍ക്ക് കിട്ടിയെന്നും തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് കണ്‍വീനര്‍ ബാപ്തു ചക്രബര്‍ത്തി അവകാശപ്പെട്ടു.

‘ഞങ്ങള്‍ എല്ലാ സീറ്റിലും മത്സരിച്ചിരുന്നില്ല. 120 സീറ്റില്‍ മത്സരിച്ച് 24 ശതമാനം വോട്ട് ഞങ്ങള്‍ക്ക് കിട്ടി. എല്ലാ സീറ്റിലും മത്സരിച്ചിരുന്നെങ്കില്‍ 100 ശതമാനം വോട്ടും കിട്ടിയേനെ,’ ചക്രബര്‍ത്തി പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ ബഹുഭൂരിപക്ഷവും ബി.ജെ.പി സ്വന്തമാക്കി.

13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഗര്‍ത്തല കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 329 സ്ഥലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.

സി.പി.ഐ.എം 3 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും മറ്റുള്ളവരും ഓരോ സീറ്റ് വീതവും സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായില്ല. 51 അംഗ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുഴുവന്‍ സീറ്റിലും ബി.ജെ.പി വിജയിച്ചു.

15 അംഗ ഖോവായ് മുനിസിപ്പല്‍ കൗണ്‍സില്‍, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പല്‍ കൗണ്‍സില്‍, 15 അംഗ കുമാര്‍ഘട്ട് മുനിസിപ്പല്‍ കൗണ്‍സില്‍, ഒമ്പത് അംഗ സബ്റൂം നഗര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും ബി.ജെ.പിയാണ് വിജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Tripura Election Trinamool Congress

We use cookies to give you the best possible experience. Learn more