ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിക്കാത്ത സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സി.പി.ഐ.എം. സി.പി.ഐ.എം 11 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും സി.പി.ഐ.എം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാക്കി സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കുകയെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സി.പി.ഐ.എമ്മും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമില്ല. തങ്ങള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് വേണ്ടിയാണ് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് കസുംപ്തി മണ്ഡത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും ഹിമാചല്‍ പ്രദേശ് കിസാന്‍ സഭ അധ്യക്ഷനുമായ ഡോ. കുല്‍ദീപ് സിങ് തന്‍വര്‍ പറഞ്ഞു.
‘ജനങ്ങള്‍ക്ക് ബി.ജെ.പിയിലും കോണ്‍ഗ്രസിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ മൂന്നാം ബദലിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. വികസനം, ലിങ്ക് റോഡുകള്‍, മികച്ച ആരോഗ്യ സേവനം, വിദ്യാഭ്യാസം, കുടിവെള്ളം എന്നിവക്കാണ് തെരഞ്ഞെടുപ്പില്‍ താന്‍ മുന്‍ഗണന നല്‍കുന്നത്,’ കുല്‍ദീപ് സിങ് തന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് ലക്ഷ്യം വെച്ച് കസുംപ്തി മണ്ഡലത്തിലെ ജനങ്ങളെ രണ്ട് നാട്ടുരാജ്യങ്ങളായി വിഭജിച്ചു. അടുത്തുള്ള മണ്ഡലമായ ഷിംലയെ അപേക്ഷിച്ച് കസുംപ്തി മണ്ഡലത്തിലെ വികസനം വളരെ അധികം പിന്നോട്ടുപോയെന്നും, അതിന് കാരണം മദ്യവും, ദേവതകളും, ആധിപത്യവും (Daru, Dabangta and Devta) ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണെന്നും തന്‍വര്‍ ആരോപിച്ചു.
അതേസമയം, ഹിമാചല്‍ പ്രദേശിലെ ഏക സി.പി.ഐ.എം എം.എല്‍.എയായ രാകേഷ് സിങ്ഹ വീണ്ടും തിയോഗ് അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രാകേഷ് വര്‍മയെ പരാജയപ്പെടുത്തി 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭയിലേക്കുള്ള പ്രവേശനമായിരുന്നു രാകേഷിലൂടെ സി.പി.ഐ.എം നേടിയത്.
തിയോഗില്‍ നിന്നുള്ള എം.എല്‍.എ രാകേഷ് സിങ്ഹ, അനിയില്‍ നിന്ന് ദേവ്കി നന്ദ്, ജോഗേന്ദ്ര നഗറില്‍ നിന്ന് കുശാല്‍ ഭരദ്വാജ്, ധരംപൂര്‍ മാണ്ഡിയില്‍ നിന്ന് ഭൂപേന്ദ്ര സിങ്, സെരാജില്‍ നിന്ന് മഹേന്ദര്‍ റാണ, ഹാമിര്‍പൂരില്‍ നിന്ന് ഡോ. കാസ്മീര്‍ സിങ് താക്കൂര്‍, ചമ്പയില്‍ നിന്ന് നരേന്ദ്ര സിങ്, സംവരണ മണ്ഡലമായ പച്ചാടില്‍ നിന്ന് ആശിഷ് കുമാറിനെയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.