കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല; വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: പി മോഹനന്‍
Kerala News
കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല; വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: പി മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th January 2019, 4:33 pm

കോഴിക്കോട്: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി മോഹനന്‍ പറഞ്ഞു.

വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും രണ്ട് ദിവസത്തിനകം വിരമിക്കാനിരുന്ന ജഡ്ജിയാണ് വിധി പറഞ്ഞതെന്നും കാരാട്ട് റസാഖും പ്രതികരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. താന്‍ റസാഖ് മാസ്റ്ററെ വ്യക്തി ഹത്യ നടത്തിയതായി ഓര്‍മ്മയിലില്ല. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതാണ്. കോടതിക്ക് അത് ബോധ്യമായില്ലെന്ന് മനസിലാക്കുന്നു. കാരാട്ട് റസാഖ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണ വേളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്ലീം ലീഗിലെ എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി.
കൊടുവള്ളി സ്വദേശികളായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഹരജി നല്‍കിയത്.

2005 ല്‍ വാര്‍ഡ് മെമ്പറായിരിക്കുമ്പോള്‍ എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 20000 രൂപ തട്ടിയെടുത്തെന്ന കേസായിരുന്നു എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ ഉണ്ടായിരുന്നത്. 2006 ല്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കുകയും എം.എ റസാഖ് നിരപരാധിയാണെന്ന് തെളിയുകയും ചെയ്തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഈ കേസ് കാരാട്ട് റസാഖ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും ഉപഭോകതൃ വിഹിതം തട്ടിയെടുത്തെന്ന രീതിയിലുള്ള 50 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്.

കാരാട്ട് റസാഖിന്റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും എം.എല്‍.എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും കൈപ്പാറ്റാനാവില്ല.