| Saturday, 30th March 2019, 1:39 pm

സോളാപൂരില്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എം പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ വാഞ്ചിത് അഹാദി (ബി.വി.എ) നേതാവ് പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ. സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രമാണ് സോളാപൂര്‍. പിന്തുണ പ്രകാശ് അംബേദ്ക്കറിന് മാത്രമേയുള്ളൂവെന്നും സംസ്ഥാനത്തെ മറ്റ് ബി.വി.എ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ലെ വ്യക്തമാക്കി.

ബി.ജെ.പിയുടെ ജയ്‌സിദ്ധ്വേശര്‍ മഹാസ്വാമിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് മണ്ഡലത്തില്‍ മത്സരത്തിനുള്ളത്. സംസ്ഥാനത്ത് 48 സീറ്റുകളിലും മത്സരിക്കുന്ന ബി.വി.എ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പിയും സി.പി.ഐ.എം പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും സി.പി.ഐ.എമ്മിന് ദിണ്ഡോരി സീറ്റ് എന്‍.സി.പി വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് സഖ്യം രൂപീകരിക്കാതെ പോവുകയായിരുന്നു.

അതേസമയം മറ്റു സീറ്റുകളില്‍ ആരെ പിന്തുണയ്ക്കുമെന്ന് ചോദ്യത്തിന് ബി.ജെ.പിയ്‌ക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് അശോക് ധാവ്‌ലെ പറഞ്ഞു.

1991ലാണ് മഹാരാഷ്ട്രയില്‍ സി.പി.ഐ.എം തെരഞ്ഞെടുപ്പ് ജയിച്ചത്. ഇത്തവണ മത്സരിക്കുന്നത് ദിണ്ഡോരിയില്‍ മാത്രമാണ്. ഏഴ് തവണ എം.എല്‍.എയായ ജീവ പണ്ഡു ഗാവിതാണ് ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി.

We use cookies to give you the best possible experience. Learn more