Kerala News
സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 27, 02:33 am
Saturday, 27th August 2022, 8:03 am

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണം നടന്നത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.

അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. മൂന്ന് ബൈക്കുകളിലായി ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.

ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുകളുടെ നമ്പറുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. ബൈക്കുകള്‍ നിര്‍ത്താതെ വന്നവേഗതയില്‍ തന്നെ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാര്‍ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: CPIM Thiruvananthapuram District Committee Office Attacked