Kerala Election 2021
സീറ്റ് ലഭിക്കാതായപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച; ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.ഐ.എം. നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 30, 03:08 am
Friday, 30th July 2021, 8:38 am

കോഴിക്കോട്: നിയമസഭ തെരഞ്ഞടുപ്പ് സമയത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയതിന് ഏരിയ കമ്മിറ്റി അംഗത്തിനതിരെ സി.പി.ഐ.എം. നടപടി. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെ പാര്‍ട്ടിയുടെ തെരഞ്ഞടുക്കപ്പട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കും.

ഇതോടെ ഇദ്ദേഹം പാര്‍ട്ടി ബ്രാഞ്ച് അംഗം മാത്രമാവും.

തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ ഗിരീഷ് ജോണിന്റേയും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയുമായ ലിന്റോ ജോസഫിന്റേയും പേരുകളാണ് സി.പി.ഐ.എമ്മില്‍ ഉയര്‍ന്നിരുന്നത്.

ചര്‍ച്ചക്കൊടുവില്‍ ലിന്റോയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുകയായിരുന്നു. ഇതോടെ ഗിരീഷ് തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ വിഷയം താമരശ്ശേരി ഏരിയ കമ്മിറ്റി ചര്‍ച്ച ചെയ്ത് ജില്ല നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

പ്രതീക്ഷിച്ച സീറ്റ് കിട്ടാതെ വന്നപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി ഗിരീഷ് കൂടിക്കാഴ്ച നടത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടി, ഗിരീഷിന്റെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്.

എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടേയും യു.ഡി.എഫിന്റേയും വാഗ്ദാനത്തിന് ഗിരീഷ് വിധേയനായിരുന്നില്ല. മാത്രമല്ല ഗിരീഷ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് പുതുപ്പാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

മുന്‍ എം.എല്‍.എ. ജോര്‍ജ് എം. തോമസുമായുള്ള അഭിപ്രായവ്യത്യാസമാണ് ഗിരീഷിനെതിരെ കടുത്ത നടപടിയുണ്ടായതിന് പിന്നിലെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു.

സി.പി. ചെറിയമുഹമ്മദായിരുന്നു തിരുവമ്പാടിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. 4643 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരുവമ്പാടിയില്‍ സി.പി.ഐ.എം. ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Thamarassery Area Committe Gireesh