അനുപമയുടെ അച്ഛനെതിരെ സി.പി.ഐ.എം നടപടി; ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
Kerala
അനുപമയുടെ അച്ഛനെതിരെ സി.പി.ഐ.എം നടപടി; ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th October 2021, 1:25 pm

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ സി.പി.ഐ.എം നടപടി.ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.

വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ വലിയ പ്രതിരോധത്തിലായിരുന്നു സി.പി.ഐ.എം. സാധാരണ ചേരാറുള്ള പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് മാറി കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് ഇന്ന് യോഗം ചേര്‍ന്നത്.

യോഗത്തില്‍ ജയചന്ദ്രന്‍ തന്റെ വാദം അവതരിപ്പിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും അജിത്തിന്റെ സ്വഭാവത്തിലുള്‍പ്പെടെ തനിക്ക് സംശയം തോന്നിയിരുന്നു എന്നും ജയചന്ദ്രന്‍ ലോക്കല്‍ കമ്മിറ്റിയില്‍ അറിയിച്ചു.

എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഇതില്‍ എതിര്‍പ്പുണ്ടായി. പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ നശിപ്പിക്കുന്ന രീതിയില്‍ ഈ വിഷയം മാറിയെന്നും ജയചന്ദ്രന് ശരിയായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നെന്നും പാര്‍ട്ടിക്കാകെ പ്രതിരോധത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ നിലപാടെടുത്തു.

തുടര്‍ന്നാണ് ജയചന്ദ്രനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഇനി ഏരിയ കമ്മിറ്റി കൂടി അംഗീകരിക്കണം. ഇന്ന് ഉച്ചയ്ക്ക് പേരൂര്‍ക്കട ഏരിയാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: CPIM Take Action Against Anupama Father Ps Jayachandran