തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സി.പി.ഐ.എം. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, ചെങ്കല്‍ പഞ്ചായത്ത് നൊച്ചിയൂര്‍ വാര്‍ഡ് അംഗം പ്രശാന്ത്, പാര്‍ട്ടി അംഗങ്ങളായ എസ്.കെ ഷിജു, എസ്.കെ ഷിനു എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. പാറശാല ഏരിയ കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി.
സലൂജയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന വിവാദ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ വീഡിയോയില്‍ രാജ്കുമാറും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടി നടപടി സ്വീകരിച്ചില്ല. അതിന് ശേഷമാണ് സലൂജയ്‌ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിക്കുന്നത്. പ്രശാന്ത്, എസ്.കെ ഷിജു, എസ്.കെ ഷിനു എന്നിവരാണ് അതിന് നേതൃത്വം നല്‍കിയത്. ഇതിലും രാജ്കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതല്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന് പാര്‍ട്ടി നേതൃത്വത്തിന് സലൂജ പരാതി നല്‍കിയിരുന്നു. പൊലീസിനും വനിതാ കമ്മീഷനും സലൂജ പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സലൂജ വാര്‍ത്താ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയതോടെയാണ് സി.പി.ഐ.എം നടപടി സ്വീകരിച്ചത്.