കേരളത്തിനെതിരായ സംഘപരിവാര നീക്കം; രാജ്യ സഭ നോട്ടീസിന് പിന്നാലെ ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് സി.പി.ഐ.എം
Kerala News
കേരളത്തിനെതിരായ സംഘപരിവാര നീക്കം; രാജ്യ സഭ നോട്ടീസിന് പിന്നാലെ ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th April 2023, 6:46 pm

തിരുവനന്തപുരം: കേന്ദ്ര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ എം.പി ജോണ്‍ ബ്രിട്ടാസിന് നോട്ടീസയച്ച രാജ്യസഭാ അധ്യക്ഷന്റെ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം. എം.പിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യം എത്തിപ്പെട്ട അപകടാവസ്ഥയുടെ ഉദാഹരണമാണെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

അമിത് ഷാ അടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ കേരളത്തിനെതിരായ വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരിച്ചതിന്റെ പേരിലാണ് ബ്രിട്ടാസിനെതിരെ നടപടിയെടുത്തണമെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ബ്രിട്ടാസിനെതിരായ നടപടി ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊതുജനം ശക്തമായി പ്രതികരിക്കണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണ രൂപം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

സഖാവ് ജോണ്‍ ബ്രിട്ടാസ് എം.പിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണ്. ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ണാടകയില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ പരാമര്‍ശിച്ചു എന്നതിന്റെ പേരിലാണ് സഖാവ് ജോണ്‍ ബ്രിട്ടാസ് എം.പിയെ രാജ്യസഭ അദ്ധ്യക്ഷന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്.

‘കേരളം നിങ്ങളുടെ അടുത്തുണ്ട്, ഞാന്‍ കൂടുതല്‍ പറയുന്നില്ല’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ആ അവസരത്തില്‍ തന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തില്‍ പറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അധ്യക്ഷന്‍ വിശദീകണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

അമിത് ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്.

മാനവ വികസന സൂചികകളില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയയോട് ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെക്കുന്നത്.

ബി.ജെ.പി നേതാക്കളുടെ കൊടിയ പകക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന വര്‍ഗീയ അജണ്ടക്കും കേരളത്തിനോടുള്ള അവഗണനക്കും എതിരായി ശക്തമായിപോരാടുന്ന രാജ്യസഭാ അംഗമാണ് ജോണ്‍ ബ്രിട്ടാസ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ട്.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.

Content Highlight: cpim support jhon brittas mp