| Wednesday, 6th January 2021, 5:20 pm

പന്തളം നഗരസഭയിലെ ബി.ജെ.പി മുന്നേറ്റം; പ്രാദേശിക തലത്തില്‍ അഴിച്ചുപണികളുമായി സി.പി.ഐ.എം, ഏരിയ സെക്രട്ടറിയെ നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയിലെ മോശം തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ സംഘടനാതലത്തില്‍ നടപടി കര്‍ശനമാക്കി സി.പി.ഐ.എം. നഗരസഭയിലെ ബി.ജെ.പി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കിയിട്ടും പന്തളത്ത് നേരിട്ട തിരിച്ചടി വളരെ ഗൗരവമായാണ് സി.പി.ഐ.എം കാണുന്നത്.

തുടര്‍നടപടികളുടെ ഭാഗമായി ഏരിയ സെക്രട്ടറി ഫസലിനെ സ്ഥാനത്തുനിന്ന് നീക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജില്ലാ കമ്മിറ്റിയാണ് ഫസലിനെ സ്ഥാനത്ത് നിന്ന് നീക്കിയത്.

ഏരിയ തലത്തില്‍ ഉണ്ടായ വീഴ്ചയാണ് പരാജയത്തിന് പിന്നിലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും പ്രാദേശിക ഘടകത്തിലെ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണം തടയുന്നതില്‍ കമ്മിറ്റികള്‍ക്ക് വീഴ്ച പറ്റിയെന്നും നേതൃത്വം കണ്ടെത്തി.

കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ആകെ ലഭിച്ചത് 7 സീറ്റുകളായിരുന്നു. ഇത്തവണ 18 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. നേരത്തെ 15 സീറ്റ് ലഭിച്ച ഇടതുപക്ഷത്തിന് ഇത്തവണ 8 സീറ്റിലേക്ക് ചുരുങ്ങേണ്ടിവന്നു.

ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വം കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി ഏരിയാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി ഹര്‍ഷാകുമാറിനാണ് പകരം ചുമതല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: CPIM Strict Action At Local Level After Losing Panthalam Municipality

We use cookies to give you the best possible experience. Learn more