കുട്ടികളുടെ മനസിലേക്ക് വര്‍ഗീയ വിഷമെത്തിക്കാന്‍ കേന്ദ്രം വിദ്യാഭ്യാസരംഗം ഉപയോഗിക്കുന്നു; ഹിന്ദി അടിച്ചേല്‍പിക്കുന്നു: സി.പി.ഐ.എം
Kerala News
കുട്ടികളുടെ മനസിലേക്ക് വര്‍ഗീയ വിഷമെത്തിക്കാന്‍ കേന്ദ്രം വിദ്യാഭ്യാസരംഗം ഉപയോഗിക്കുന്നു; ഹിന്ദി അടിച്ചേല്‍പിക്കുന്നു: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2022, 7:22 pm

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രസ്താവനയിറക്കി സി.പി.ഐ.എം. പൗരത്വ നിയമഭേദഗതിപോലെ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദിയും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനങ്ങള്‍ കയ്യാളുന്ന വിഷയങ്ങളില്‍ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ കൃത്യമായ ധാരണയോടെയാണ് കേന്ദ്ര ഇടപെടല്‍. സാധാരണനിലയില്‍ സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിനും ഇടപെടാവുന്ന വിഷയമാണ്. വരും തലമുറയെ ലക്ഷ്യമിട്ട്, കുട്ടികളുടെ മനസിലേക്ക് വര്‍ഗീയ വിഷമെത്തിക്കാന്‍ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ്.

പാഠപുസ്തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച് മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണര്‍മാര്‍ ഇടപെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിച്ച് ഇളംതലമുറയില്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വാക്‌പോരും സംഘര്‍ഷങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.ഐ.എം പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

 

പ്രസ്താവനയുടെ പൂര്‍ണരൂപം;

സ്വാതന്ത്ര്യസമരത്തോട് വഞ്ചനകാട്ടിയ ആളെയാണ് ധീര ദേശാഭിമാനിയെന്നും സ്വാതന്ത്ര്യസമര പോരാളിയെന്നും ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചിത്രീകരിക്കുന്നത്. ധീരദേശാഭിമാനി എന്ന് സംഘപരിവാറുകാര്‍ കൊട്ടിഘോഷിക്കുന്ന സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ വെച്ച് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് പുറത്തുവന്ന ആളാണ്.

ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ ഒരുപങ്കും വഹിക്കാത്തവരാണ് ആര്‍.എസ്.എസ്. ഏതെല്ലാം തരത്തില്‍ സ്വാതന്ത്ര്യസമരത്തെ തുരങ്കം വെക്കാനാവുമെന്നാണ് അവര്‍ ആലോചിച്ചത്. അന്നത്തെ സംഘപരിവാര്‍ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് നിങ്ങള്‍ക്ക് എതിരല്ലെന്നും, നിങ്ങള്‍ ഇവിടെ തുടരണമെന്നും പറഞ്ഞവരാണ് അന്നത്തെ സംഘപരിവാര്‍ നേതാക്കള്‍.

എന്നാല്‍ ദേശീയ പ്രസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വലിയ പങ്കാണ് വഹിച്ചത്. പൂര്‍ണസ്വാതന്ത്ര്യ പ്രമേയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അത് സ്വീകരിച്ചില്ലെങ്കിലും പിന്നീട് അവര്‍ക്കും ഈ മുദ്രാവാക്യം അംഗീകരിക്കേണ്ടിവന്നു.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ ഭരണകൂട കടന്നാക്രമണം സ്വാതന്ത്ര്യത്തിന് ശേഷവുമുണ്ടായി. എ.കെ.ജി ജയിലില്‍ കിടന്നാണ് സ്വാതന്ത്ര്യപുലരി കാണുന്നത്. അതിക്രൂരമായ വേട്ടയാണ് ഇതിന് ശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരെ കോണ്‍ഗ്രസ് നടത്തിയത്. പാര്‍ട്ടിയെ നിരോധിച്ച്, പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ശ്രമിച്ചു. 1952ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിനെ ചോദ്യം ചെയ്ത് പ്രധാന പ്രതിപക്ഷ വിഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ന്നുവന്നു.

ഇപ്പോള്‍ രാജ്യത്ത് അസ്വസ്ഥതയും അനാവശ്യമായ പ്രശ്നങ്ങളുമുണ്ടാക്കി തെറ്റായ തങ്ങളുടെ നിലപാട് അടിച്ചേല്‍പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പൗരത്വ നിയമഭേദഗതി ഉടന്‍ നടപ്പാക്കുമെന്നാണ് വാശിയോടെ കേന്ദ്രസര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. ഭീഷണിയുടെ സ്വരത്തിലാണവര്‍ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഒരുമയെ തകര്‍ക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്.

മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്താണ് മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നത്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ഒരു വിഭാഗം ആളുകളില്‍ വലിയ ആശങ്കയുണ്ടാക്കി. പൗരനായി ജീവിക്കാന്‍ കഴിയുമോയെന്ന ആശങ്ക വന്നപ്പോള്‍ പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇവിടെ നിലപാടെടുത്തു. പൊതുവില്‍ ആശ്വാസമായത് സ്വീകരിച്ചു. രാജ്യം ആ നിലപാട് ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഈ നിലപാട് ആവര്‍ത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ ഹിന്ദിയും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ്.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനങ്ങള്‍ കയ്യാളുന്ന വിഷയങ്ങളില്‍ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്.

സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് നോക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കൃത്യമായ ധാരണയോടെയാണ് കേന്ദ്ര ഇടപെടല്‍. സാധാരണനിലയില്‍ സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിനും ഇടപെടാവുന്ന വിഷയമാണ്. വരും തലമുറയെ ലക്ഷ്യമിട്ട്, കുട്ടികളുടെ മനസിലേക്ക് വര്‍ഗീയ വിഷമെത്തിക്കാന്‍ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ്.

പാഠപുസ്തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച് മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണര്‍മാര്‍ ഇടപെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിച്ച് ഇളംതലമുറയില്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കുകയാണ്.

Content Highlight: CPIM statement against BJP central government’s policies