ന്യൂദല്‍ഹി: വിശ്വാസികള്‍ക്ക് ഗണപതിയേയോ അല്ലാഹുവിനെയോ വിശ്വസിക്കാന്‍ അവകാശമുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബുധനാഴ്ച താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നുമുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നും ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തലയും വാലുമില്ലാത്തത് പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും തന്റെ പത്രസമ്മേളനം 50 മിനിട്ട് നീണ്ടുനില്‍ക്കുന്നതാണെന്നും അതില്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരശുരാമന്‍ മഴുവെറിഞ്ഞതാണ് മിത്തായിട്ട് ഉദാഹരിച്ചത്. ഗണപതി മിത്താണെന്ന് ഷംസീറിന്റെ പ്രസംഗത്തിലും ഇല്ല. അതുകൊണ്ടാണ് അത് തിരുത്തേണ്ടതില്ലെന്ന് താന്‍ പറഞ്ഞതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘സ്വര്‍ഗത്തില്‍ ഹൂറികളുണ്ടോ’ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതിന്റ അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട്, സ്വര്‍ഗത്തിലും നരകത്തിലും വിശ്വസിക്കാത്ത തനിക്ക് അത് വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കുറേകാലമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷനേതാവ് സതീശനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
എം.വി. ഗോവിന്‍ പറഞ്ഞത്
മുസ്‌ലിം വിരുദ്ധതയാണ് വര്‍ഗീയതയുടെ ഏറ്റവും വലിയ അടിസ്ഥാനം. അല്ലാഹു മിത്തല്ല, ഗണപതി മിത്താണ് എന്ന് ആരാണ് പറഞ്ഞത്. എന്റെ വാര്‍ത്താസമ്മേളനത്തില്‍ അതില്ല, സൂക്ഷിച്ച് പരിശോധിച്ച് നോക്ക്. ആ പത്രസമ്മേളനത്തിന്റെ വീഡിയോ കണ്ടാല്‍ മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ പ്രധാന ഭാഗമാണ്. ഷംസീറും ഞാനും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഷംസീര്‍ തിരുത്തേണ്ടതില്ലെന്ന് പറഞ്ഞത്. വെറുതെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചരണങ്ങളാണ് നടത്തുന്നത്.