| Saturday, 19th November 2022, 7:54 pm

സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ല: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

50 വര്‍ഷം അപ്പുറമുള്ള കേരളത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്നതാണ് സില്‍വര്‍ ലൈന്‍. അങ്ങനെയൊരു പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകുന്ന നിലപാട് എല്‍.ഡി.എഫിനും സി.പി.ഐ.എമ്മിനുമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.കെ. ശ്രീധരന്റെ സി.പി.ഐ.എം പ്രവേശനത്തെക്കുറിച്ചും ഗോവിന്ദന്‍ പ്രതികരിച്ചു. അദ്ദേഹത്തെ
പോലൊരു കോണ്‍ഗ്രസ് നേതാവ് സി.പി.ഐ.എമ്മിലേക്ക് വന്നത് വിപ്ലവകരമായ തീരുമാനത്തിന്റെ ഭാഗമെന്ന് അദ്ദേഹം പറഞ്ഞു.

സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് വ്യക്തിപരമായ നിലപാടായി കാണരുതെന്നും കോണ്‍ഗ്രസില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ബി.ജെ.പി- ആര്‍.എസ്.എസിലേക്ക് ചേക്കേറാന്‍ സൗകര്യമുണ്ടെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ ബി.ജെ.പിയാകില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും സി.കെ ശ്രീധരന് നല്‍കിയ സ്വീകരണ ചടങ്ങില്‍ പറഞ്ഞു.

അതേസമയം, നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെയാണ് ഇത്തരമൊരു അഭ്യൂഹമുയര്‍ന്നത്.

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി പുതുക്കി നല്‍കില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഇവരെയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

CONTENT HIGHLIGHTS: CPIM state secretary MV Govindan said Silver Line project will not be abandoned under any circumstances

We use cookies to give you the best possible experience. Learn more