തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട യു.ഡി.എഫ് മുസ്‌ലിം ലീഗാണ്, അത് കോണ്‍ഗ്രസ് അല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിലെ പ്രധാന പാര്‍ട്ടി മുസ്‌ലിം ലീഗണെന്ന് കേരള പൊളിറ്റിക്‌സ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇങ്ങോട്ട് വരലും അങ്ങോട്ട് പോകലും ഞങ്ങള്‍ നോക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വര്‍ഗതാല്‍പര്യ സംരക്ഷണത്തിന്റെയും ഉപകരണമായി നിലകൊള്ളുന്ന ഭരണകൂട വര്‍ഗത്തിന്റെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി നില്‍ക്കുന്ന വലതുപക്ഷ പാര്‍ട്ടിയുടെ പട്ടികയിലാണ് ഇതെല്ലാമുള്ളത്,’ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം, ലീഗിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിലെ ഗോവിന്ദന്‍ മാസ്റ്ററുടെ സൈദ്ധാന്തിക വിശകലനം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ അന്തംവിട്ടു. ഗോവിന്ദന്‍ മാസ്റ്ററുടെ മറുപടിക്ക് പത്രസമ്മേളനത്തില്‍ കൂട്ടച്ചിരിയായിരുന്നു.
കോണ്‍ഗ്രസ് മതേതരത്വം പറയുന്നത് കേരളത്തില്‍ മാത്രമാണ്. കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ആരെല്ലാം ഇനി കോണ്‍ഗ്രസ് വിടുമെന്ന് കണ്ടറിയണമെന്നും മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരേയും സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഓരോ പാര്‍ട്ടിയെയും ശിഥിലീകരിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ കേരളത്തെയാണ് പ്രധാന ലക്ഷ്യമായി കാണുന്നത്. വളരെയേറെ സങ്കീര്‍ണമായ സാഹചര്യങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത്. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെ ബി.ജെ.പി ഇതര സര്‍ക്കാരുകളെയെല്ലാം അസ്ഥിരീകരിക്കുക എന്ന അജണ്ട വളരെ ശക്തിയായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്.