കൊച്ചി: വികസന കുതിപ്പിന് സഹായകരമാകുന്നതാണ് സംസ്ഥാന ബജറ്റെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇന്ധന വില ഇത്രകണ്ട് ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലുള്ളത് നിര്‍ദേശമാണെന്നും അതിന്മേല്‍ സഭയില്‍ ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനമെടുക്കുകയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
40,000 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രം നിഷേധിച്ചത്. അതിനെക്കുറിച്ച് ആരും മിണ്ടുന്നില്ല. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.
‘ഇന്ധനവില മുഴുവന്‍ കൂട്ടിയത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം അനിയന്ത്രിതമായി നികുതി കൂട്ടിയതാണ് വില വര്‍ധനവിന് കാരണം. സംസ്ഥാനം ഇപ്പോള്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്.
കേരളത്തെ വീര്‍പ്പ് മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്.
ബജറ്റ് പാസാക്കിയിട്ടില്ല. വിമര്‍ശനങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കും വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കട്ടെ. അതിന് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹിയോഗം തീരുമാനിച്ചു.
ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.
യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്ന് അകന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ധനപ്രതിസന്ധിയുടെ പേരില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണെന്നും, സംസ്ഥാന സര്‍ക്കാരിന് കൈകടത്താന്‍ സാധിക്കുന്ന മേഖലകളിലെല്ലാം നികുതി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.