തിരുവനന്തപുരം: ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കണ്ണൂരില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മില്‍ പരസ്പര സഹകരണമാണെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലയെ ദത്തെടുത്തിട്ടുണ്ട്. സി.പി.ഐ.എം കടന്നാക്രമണം നടത്തിയെന്ന് സുധാകരന്‍ പറയുന്നത് ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ വേണ്ടിയാണെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.
‘കേരളത്തിന്റെ ചരിത്രത്തില്‍ ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലയെ ദത്തെടുത്ത വിവരം പത്രക്കാര്‍ ഒന്ന് പഠിക്കുന്നത് നല്ലതാണ്. രണ്ട് കോടി രൂപ ആദ്യഗഡു കൊടുത്തു എന്നും ഔദ്യോഗികമായി ആര്‍.എസ്.എസ് കണ്ണൂരിനെ പറ്റി പറഞ്ഞതാണ്.
കണ്ണൂരില്‍ 1979ല്‍ പതിനൊന്ന് കേന്ദ്രത്തില്‍ ആര്‍.എസ്.എസ് ബോംബേറ് നടത്തി. മുഖപരിചയം പോലും ഇല്ലാത്ത ആളുകളെയാണ് ബോംബെറിയുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കേരളത്തില്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ട ജില്ല എന്ന രീതിയില്‍ കണ്ണൂര്‍ ജില്ലയെ ദത്തെടുത്തുകൊണ്ട് ആര്‍.എസ്.എസ് പ്ലാന്‍ ചെയ്ത പരിപാടിയാണത്. അതുകൊണ്ട് സി.പി.ഐ.എം കടന്നാക്രമണം നടത്തിയെന്ന് സുധാകരന്‍ പറയുന്നത് ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ വേണ്ടിയാണ്.
സുധാകരന് ആര്‍.എസ്.എസില്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യാം, അത് കോണ്‍ഗ്രസാണ് ഗൗരവത്തിലെടുക്കേണ്ടത്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്, ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. ഇവരെല്ലാം തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെപിക്ക് ഒപ്പം ചേര്‍ന്ന് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് മുമ്പോട്ട് പോകുകയാണ്,’ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടാണോ സുധാകരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന ചോദ്യത്തിന്:
‘ആര്‍.എസ്.എസ് എന്ന് പറഞ്ഞാന്‍ പൂര്‍ണമായും ഹിന്ദു അല്ലല്ലോ? ഹിന്ദു പേരുപയോഗിക്കുന്ന ഒരു വര്‍ഗീയ പ്രസ്ഥാനമാണ്. അതുകൊണ്ട് അവരാണ് ഹിന്ദു എന്നുള്ള തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടതില്ല,’ എന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.