| Sunday, 28th August 2022, 3:37 pm

കായികാധ്യാപകനില്‍ നിന്ന് പാര്‍ട്ടി താത്വികാചാര്യനിലേക്ക്; നയിക്കാന്‍ മാഷെത്തുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ പകരക്കാരനായി സി.പി.ഐ.എമ്മിനെ നയിക്കാനെത്തുന്നത് പാര്‍ട്ടിയിലെ മിതവാദിയും താത്വികമുഖവുമായ എം.വി. ഗോവിന്ദന്‍ മാസ്റ്ററാണ്. ഒരിക്കല്‍ കൂടി കണ്ണൂരില്‍ നിന്നുള്ള നേതാവ് സംസ്ഥാന കമ്മിറ്റിയെ നയിക്കാനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള എം.എല്‍.എയും രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് അദ്ദേഹം.
പിണറായി സര്‍ക്കാര്‍ രണ്ടാം ടേം പൂര്‍ത്തിയാക്കുന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ദീര്‍ഘവീക്ഷണത്തോടെ നോക്കിക്കാണുന്ന നേതാവ് കൂടിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമാണ് മുന്‍ കായികാധ്യാപകന്‍ കൂടിയായ ഗോവിന്ദന്‍ മാഷ്.

കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രില്‍ 23ന് ജനനം. ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയ അദ്ദേഹം ചെറുപ്പകാലത്ത് തന്നെ കെ.എസ്.എഫ് അംഗവും കണ്ണൂര്‍ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. 1970ല്‍ പാര്‍ട്ടി അംഗമായി.

ഡി.വൈ.എഫ്.ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഗോവിന്ദനാണ് സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും. പിന്നീട് സംസ്ഥാന സെക്രട്ടറി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986ല്‍ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.

കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷന്‍, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയില്‍വാസമനുഭവിച്ചു. തളിപ്പറമ്പില്‍ നിന്ന് 1996, 2001 കാലങ്ങളില്‍ നിയമസഭയിലെത്തി.

സി.പി.ഐ.എം കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002-2006 കാലത്താണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയെത്തുടര്‍ന്ന് കണ്ണൂര്‍ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

2006ലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗമാണ് ഗോവിന്ദന്‍ മാസ്റ്റര്‍.

ഇന്ത്യന്‍ തത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍, കാര്‍ഷിക തൊഴിലാളി യൂണിയന്‍- അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം, മാര്‍ക്‌സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് ഭാര്യ. സിനിമാ സംവിധായകന്‍ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാരായ ശ്യാംജിത്ത്, രംഗീത് എന്നിവരാണ് മക്കള്‍.

Content Highlight: CPIM State Secretary MV Govindan’s Political Life

We use cookies to give you the best possible experience. Learn more