തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
കത്തയച്ചിട്ടില്ല എന്ന് മേയര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അതിലിനി ഇടപെടേണ്ടതില്ലെന്നും പിന്‍വാതിലിലൂടെ മാര്‍ക്‌സിസ്റ്റുകാരെ തിരുകിക്കയറ്റുന്ന നിലപാടല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിനുമുള്ളതെന്നും പാര്‍ട്ടി സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു.
”അത് അവരെഴുതിയ കത്തല്ല എന്നും അതെങ്ങനെ രൂപപ്പെട്ടു എന്നതില്‍ നിയമപരമായ നിലപാട് സ്വീകരിക്കുമെന്നും മേയര്‍ തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതിലിനി വേറെ ഇടപെടേണ്ട കാര്യമില്ല.
പരിശോധന നടത്തട്ടെ. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന രീതിയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തന്നെ അതെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലേ. ഞങ്ങള്‍ക്കതില്‍ യാതൊരു തര്‍ക്കവുമില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റോ പിന്‍വാതിലിലൂടെ ആളുകളെ കയറ്റി, അവിടെ മാര്‍ക്‌സിസ്റ്റുകാരെ തിരുകിക്കയറ്റുക എന്ന നിലപാടല്ല സ്വീകരിക്കുന്നത്. അത് ഞങ്ങളുടെ നിലപാടല്ല. അര്‍ഹതയുള്ളവര്‍ വരട്ടെ എന്നത് തന്നെയാണ് നിലപാട്.
കഴിഞ്ഞ് രണ്ട് ദിവസമായി വലിയ രീതിയിലുള്ള പ്രചാരവേല സി.പി.ഐ.എമ്മിനും ഇടതുപക്ഷ മുന്നണിക്കുമെതിരായി ഈ മാധ്യമങ്ങളെല്ലാം നടത്തുന്നുണ്ട്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം പോലെയുമേ ഇതിനെയും കാണുന്നുള്ളൂ.
അത് വ്യാജമായി ഉണ്ടാക്കിയ കത്താണെന്നാണ് മേയര്‍ പറഞ്ഞത്. അല്ലെങ്കില്‍ നിങ്ങള്‍ അവരോട് പോയി ചോദിക്കണം. ഞങ്ങളിപ്പോള്‍ അതിനെ സംബന്ധിച്ചൊന്നും പരിശോധിച്ചിട്ടില്ല.
സര്‍ക്കാര്‍ കൃത്യമായി നിലപാടെടുത്തിട്ടുണ്ട്. 295 പേരെയും നിയമിക്കുന്നത് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന ലിസ്റ്റ് വാങ്ങിയായിരിക്കും. അത് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു കത്ത് താന്‍ എഴുതിയിട്ടില്ലെന്ന് വ്യക്തമായി മേയറും വ്യക്തമാക്കിയിട്ടുണ്ട്.
ഈ രണ്ട് കാര്യങ്ങളും പറഞ്ഞുകഴിഞ്ഞ ശേഷം വീണ്ടും എന്നോട് ചോദ്യങ്ങള്‍ ചോദിച്ചിട്ട് വേറെ എന്തെങ്കിലും കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ല.
സി.പി.ഐ.എമ്മിലെ ആരെയെങ്കിലും തുരുകിക്കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ ഏതെങ്കിലും രീതിയില്‍ ഇങ്ങനെ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിക്കകത്തില്ല,” എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതിനിടെ, ഇങ്ങനെയൊരു കത്ത് കയ്യില്‍ കിട്ടിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു. ‘അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കണമോ എന്ന് മേയറുമായി ആലോചിച്ച് തീരുമാനിക്കും,’ എന്നായിരുന്നു ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താല്‍ക്കാലിക തസ്തികകളിലേക്ക് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുളളതാണ് മേയറുടെ കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.
കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും കത്തിലുണ്ടായിരുന്നു.
Content Highlight: CPIM state secretary MV Govindan on Mayor Arya Rajendran letter controversy