| Wednesday, 7th June 2023, 11:46 am

പരീക്ഷ എഴുതാതെ ഒരാളെങ്ങനെ ജയിക്കും; ആര്‍ഷോക്കെതിരായ വാര്‍ത്തകള്‍ എസ്.എഫ്.ഐയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന: എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പരീക്ഷ എഴുതാതെ ഒരാളെങ്ങനെ ജയിക്കുമെന്നും അതെന്തൊരു അത്ഭുതകരമായ സംഭവമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.എം. ആര്‍ഷോക്കെതിരായ വാര്‍ത്തകള്‍ എസ്.എഫ്.ഐയെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ വലിയ രീതിയിലുള്ള ഗൂഢാലോചനയുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ‘പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ? അങ്ങനെ ഏതെങ്കിലും ഒരു ലിസ്റ്റ് വരുമോ? എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്ന രീതിയില്‍ ഒരു സഖാവിന്റെ നേരെ തികച്ചും തെറ്റായ അസംബന്ധം ഉന്നയിച്ച് അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രചരിപ്പിച്ചത് തെറ്റായ സമീപനമാണ്.

കൃത്യമായ അന്വേഷണം നടത്തി അത് കണ്ടെത്തണം. കണ്ടെത്തിയാല്‍ അപ്പോഴെങ്കിലും നിങ്ങളത് ശരിയായി കൊടുക്കുകയും വേണം. പരീക്ഷ എഴുതാതെ ഒരാളെങ്ങനെ ജയിക്കും. അതെന്തൊരു അത്ഭുതകരമായ സംഭവമാണ്. ആബ്‌സന്റ് ആണ്.

അങ്ങനെയുള്ളൊരാള്‍ ഏതെങ്കിലും പരീക്ഷ ജയിക്കുമോ? ഏതെങ്കിലും സെമസ്റ്റര്‍ ജയിക്കുമോ? ഇത്തരം വാര്‍ത്തകളൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. വാര്‍ത്തകള്‍ക്ക് പിന്നില്‍ വലിയ രീതിയിലുള്ള ഗൂഢാലോചനയുണ്ട്.

അതേപ്പറ്റി എല്ലാത്തലത്തിലും വിശദമായൊരു അന്വേഷണം നടത്തേണ്ടതുണ്ട്. എസ്.എഫ്.ഐയെ കുറ്റപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്ന കരുത്തും ശക്തിയും ആരാണെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്,’ എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാജാസിലെ മുന്‍ എസ്.എഫ്.ഐക്കാരിയായ ടീച്ചറുടെ വ്യാജരേഖാ തട്ടിപ്പ് കേസില്‍ പാര്‍ട്ടി ഒരു തരത്തിലും അവരെ പിന്തുണക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘ആരോപണങ്ങളെല്ലാം പൊലീസ് പരിശോധിക്കട്ടെ. അതിലൊന്നിലും കൂട്ടുനില്‍ക്കേണ്ട ആവശ്യം കമ്യൂണിസ്റ്റ് പാര്‍ടിക്കില്ല.

തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പിന്തുണക്കില്ല. തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്ന ഒന്നിന്റേയും കൂടെ നില്‍ക്കുകയും ചെയ്യില്ല,’ ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: CPIM state secretary mv Govindan alleges conspiracy against sfi

We use cookies to give you the best possible experience. Learn more