തിരുവനന്തപരം: കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാധ്യമങ്ങള്‍
ഉത്പാദിപ്പിക്കുന്ന കള്ളപ്രചരണത്തിന് മറുപടി പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മകള്‍ വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
അന്തസില്ലാത്ത പത്രപ്രവര്‍ത്തന രീതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും കെ.സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനെ കുറിച്ച് ഒരു വാര്‍ത്തയും മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘മുഖ്യമന്ത്രി അര്‍ഹിക്കുന്നതിന് മാത്രമേ മറുപടി നല്‍കേണ്ടതുള്ളൂ. വാര്‍ത്ത സമ്മേളനം നടത്തുന്നത് വലിയ കാര്യമല്ല. വാര്‍ത്താസമ്മേളനം നടത്താന്‍ ബുദ്ധിമുട്ടുള്ള ആളല്ല മുഖ്യമന്ത്രി. കൊവിഡ് സമയത്ത് ദിവസവും അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാരനായ ഒരാള്‍ മൃഗീയമായ ഒരു കൊലപാതകം നടത്തിയിട്ട് വി.ഡി.സതീശന്‍ ഇന്നലെ പറഞ്ഞത് അയാള്‍ മുന്‍ ഡി.വൈ.എഫ്.ഐക്കാരനാണെന്നാണ്. ഒരു മനുഷ്യനും വിശ്വസിക്കാനാകാത്ത കളവാണ് പ്രതിപക്ഷ നേതാവ് തട്ടിവിടുന്നത് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എ.സി. മൊയ്തീനെതിരായ ഇ.ഡി. നടപടി രാഷ്ട്രീയപരമായി വേട്ടയാടലാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
‘തികച്ചും രാഷ്ട്രീയ പ്രേരിതമാണ് എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടിലെ ഇ.ഡി. റെയ്ഡ്. കരുവന്നൂര്‍ ബാങ്ക് കേസില്‍ നേരത്തെ അന്വേഷണം നടന്നതാണ്. എന്നാല്‍ അന്നൊന്നും മൊയ്തീന്റെ പേര് ഉയര്‍ന്നുകേട്ടില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്. കേരളത്തിലാണെങ്കില്‍ ഇ.ഡി ശരി എന്നാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര ഏജന്‍സികളോടൊപ്പം മാധ്യമങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്നുണ്ട്. മാധ്യമങ്ങള്‍ പെരുപ്പിച്ച് വാര്‍ത്തകള്‍ കൊടുക്കുകയാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യു.ഡി.എഫും കള്ള പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘പുതുപ്പള്ളിയില്‍ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ലഭിക്കുന്ന സഹതാപത്താല്‍ എളുപ്പം ജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്കിന്
മണ്ഡലത്തില്‍ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ കള്ള പ്രചരണത്തിനിറങ്ങിയിരിക്കയാണ്.
വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ട്. അതിനുവേണ്ടി പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാല്‍ പുതുപ്പള്ളിയില്‍ ജനങ്ങള്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാര്‍ഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചര്‍ച്ച തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും,’ ഗേവിന്ദന്‍ പറഞ്ഞു.
Content Highlight: CPIM State Secretary M.V. Govindan strongly criticized the media in Kerala