| Saturday, 17th September 2022, 2:27 pm

ഗവര്‍ണര്‍ എന്ന നിലയിലുള്ള സമചിത്തത ആരിഫ് മുഹമ്മദ് ഖാന്‍ കാണിക്കുന്നില്ല: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണര്‍ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.

‘സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഭരണഘടനാപരമായ രീതിയിലാണോ ഗവര്‍ണറുടെ പ്രവര്‍ത്തനം എന്ന് ജനങ്ങള്‍ സംശയിക്കുന്നു.

ചരിത്ര വസ്തുതകള്‍ കാണാതെ ഗവര്‍ണര്‍ വില കുറഞ്ഞ നിലപാട് സ്വീകരിക്കുകയും തെറ്റായ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. കണ്ണൂരില്‍ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

വയോധികനായ പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ചരിത്ര കോണ്‍ഗ്രസ് വേദിയില്‍വെച്ച് ഗവര്‍ണറെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലാകും.

ഇനി അതിന് തെളിവുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെയും അനാവശ്യ വിവാദങ്ങളാണ് ഗവര്‍ണറുണ്ടാക്കുന്നത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുകയാണ്. ഗവര്‍ണര്‍ എന്ന നിലയിലുള്ള സമചിത്തത അദ്ദേഹം കാണിക്കുന്നില്ല,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

CONTENT HIGHLIGHTS: CPIM state secretary M.V. Govindan says Governor Arif Muhammad Khan’s attitude is not befitting of his position

We use cookies to give you the best possible experience. Learn more