| Thursday, 2nd March 2023, 7:16 pm

ജയിച്ചാലും തോറ്റാലും ത്രിപുരയിലെ സഖ്യം ശരിയാണ്: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വിജയിച്ചാലും പരാജയപ്പെട്ടാലും ത്രിപുരയിലെ ഇടത്- കോണ്‍ഗ്രസ് സഖ്യം ശരിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പിയാണ് ത്രിപുരയില്‍ പ്രധാന ശത്രുവെന്നും സംസ്ഥാനത്ത് ജനാധിപത്യ പ്രവര്‍ത്തനം അനുവദിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ത്രിപുരയിലേത് രാഷ്ട്രീയ പരമായ ഐക്യമാണെന്ന് പറയാനാകില്ലെന്നും അതൊരു നീക്കുപോക്കാണെന്നും അദ്ദേഹം പറഞ്ഞു.

‘ജയിച്ചാലും തോറ്റാലും ആ സഖ്യം ശരിയാണ്, അതിന്റെ മേലെ ഒരു ചര്‍ച്ചക്ക് ഇനി പ്രസക്തിയില്ല. കാരണം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസിന് 1.6 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചിരുന്നത്. എന്നാല്‍ ഞങ്ങളെടുത്ത നിലപാട് ത്രിപുരയില്‍ പ്രധാന ശത്രുവായ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന തീരുമാനമാണ്. അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യം അനുവദിക്കുന്നില്ല.

ഞങ്ങളെ മാത്രമല്ല കോണ്‍ഗ്രസിനെയും അവരതിന് അനുദിക്കുന്നില്ല. അങ്ങനെയിരിക്കെയാണ് കോണ്‍ഗ്രസിന് എത്ര ശതമാനം വോട്ട് എന്ന് പോലും നോക്കാതെ ഫലപ്രദമായി മുന്നോട്ട് പോകാന്‍ ആഗ്രഹിച്ചത്,’ എം.വി. ഗോവിന്ദന്‍

അതേസമയം, 60 നിയമസഭാ മണ്ഡലങ്ങളുള്ള ത്രിപുരയില്‍ 33 സീറ്റ് നേടിയാണ് ബി.ജെ.പി തുടര്‍ഭരണം ഉറപ്പിച്ചത്. സി.പി.ഐ.എം- കോണ്‍ഗ്രസ് സഖ്യം 14 സീറ്റ് നേടിയപ്പോള്‍ ഗോത്രപാര്‍ട്ടി തിപ്രമോത 13 സീറ്റ് നേടി.

2018 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് സി.പി.ഐ.എമ്മുമായുള്ള സഖ്യം നേട്ടമായി. മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

Content Highlight: CPIM State Secretary M.V. Govindan said that the Left-Congress alliance in Tripura is correct whether it wins or loses

We use cookies to give you the best possible experience. Learn more