രണ്ട് പേര്‍ ഏറ്റുമുട്ടുന്ന നാട്ടില്‍ ഒന്നിനെ നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും; എസ്.ഡി.പി.ഐയെ നിരോധിക്കണം എന്ന നിലപാടില്ല: എം.വി. ഗോവിന്ദന്‍
Kerala News
രണ്ട് പേര്‍ ഏറ്റുമുട്ടുന്ന നാട്ടില്‍ ഒന്നിനെ നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും; എസ്.ഡി.പി.ഐയെ നിരോധിക്കണം എന്ന നിലപാടില്ല: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2022, 11:59 pm

തിരുവനന്തപുരം: നിരോധനം കൊണ്ട് തീവ്രവാദം ഇല്ലാതാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രണ്ട് പേര്‍ ഏറ്റുമുട്ടുന്ന നാട്ടില്‍ ഒന്നിനെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കാട്ടാക്കടയില്‍ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങള്‍ക്കില്ല. ഒരു വശത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും. വര്‍ഗീയത ആളിക്കത്തിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പണിമുടക്കിയത് കൊണ്ട് എന്ത് പ്രയോജനം എന്ന നിലയില്‍ തൊഴിലാളികള്‍ ചിന്തിക്കുന്ന സാഹചര്യവും നിലവിലുണ്ടെന്നം അദ്ദേഹം പറഞ്ഞു.

നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തും ഓഫീസുകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കടുത്ത നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുന്നതിനിടെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.