തിരുവനന്തപുരം: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പ്രതിപക്ഷനിരയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കര്‍ണാടകയില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി എന്നുള്ളത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാല്‍വെപ്പുതന്നെയാണ്. കാരണം ദക്ഷിണേന്ത്യയില്‍ നിന്ന് ബി.ജെ.പിയേ തൂത്തുമാറ്റാന്‍ സാധിച്ചിരിക്കുന്നു.
ദക്ഷിണേന്ത്യ മുഴുവന്‍ ഞങ്ങള്‍ പിടിക്കാന്‍ പോകുകയാണ്, അതിന്റെ ആദ്യത്തെ തുടക്കമാണ് കര്‍ണാടക എന്ന് അമിത് ഷായും നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
പക്ഷേ അവര്‍ക്കുണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനം തന്നെ തകര്‍ത്തിരിക്കുകയാണ് കര്‍ണാടകയിലെ ജനങ്ങള്‍. ആ ജനങ്ങളെ തീര്‍ച്ചയായും അഭിവാദ്യം ചെയ്യേണ്ടതുണ്ട്.
ബി.ജെ.പിയാണ് ഏറ്റവും വലിയ അപകടം. 2024-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണം. ബി.ജെ.പി ജയിക്കാന്‍ ഇടവന്നാല്‍, 2025ല്‍ നൂറുവര്‍ഷം തികയുന്ന ആര്‍.എസ്.എസ് ഇന്ത്യയെ ഹന്ദുത്വ രാജ്യമാക്കാനുള്ള എല്ലാ ശ്രമവും നടത്തും. ഭരണഘടനയെ തകര്‍ത്ത് ഇന്ത്യ ഫാസിസത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഒരു അഗ്‌നിപര്‍വ്വതത്തിന്റെ മേലെയാണ് ഇന്ത്യ.
അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള ഒരു ഊര്‍ജം തീര്‍ച്ചയായും കര്‍ണാടകയിലെ ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ബി.ജെ.പി വിരുദ്ധ ശക്തികള്‍ക്ക് നേടാനായി എന്നാണ് കാണുന്നത്,’ എം.വി. ഗോവിന്ധന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് മാത്രമാണ് ബി.ജെ.പിയെ തകര്‍ക്കാന്‍ സാധിക്കുക എന്നത് കേവല വാദം മാത്രമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘ഇന്ത്യയില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ സാധിക്കുക കോണ്‍ഗ്രസിനാണ് എന്ന ഒരു വാദം ഉണ്ട്. അത് കേവലമായിട്ടുള്ള ഒരു വാദം മാത്രമാണ്. കോണ്‍ഗ്രസിനെ അറിയുന്ന എല്ലാവര്‍ക്കും അറിയാം ഫലപ്രദമായിട്ട് അവര്‍ക്ക് മത്സരിക്കാന്‍ പറ്റുന്ന ഒരു സ്ഥലം കര്‍ണാടകയാണ്. മറ്റൊരു സംസ്ഥാനം ഗുജറാത്തും പിന്നെ രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളാണ്. അവിടെയുള്ള അവസ്ഥ വളരെ ദയനീയമാെണന്ന് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ തന്നെ തര്‍ക്കങ്ങളും പ്രശ്നങ്ങളുമുണ്ട്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബി.ജെ.പിയെ തോല്‍പ്പിക്കാനാണെന്നും അതിനു വേണ്ടി കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടിയുടെയും സ്വധീനവും ഉപയോഗിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘എം.എല്‍.എമാരെ വിലക്ക് വാങ്ങാനുള്ള ശേഷി ബി.ജെ.പിക്ക് ഉണ്ട് എന്ന് മുമ്പ് തന്നെ മനസിലായതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍. ബി. ജെ.പിയെ തോല്‍പ്പിക്കാന്‍ പറ്റുന്ന ആയുധം എന്ന് പറയുന്നത് ഒരോ സംസ്ഥനങ്ങളിലേയും പ്രധാനപ്പെട്ട ബി.ജെ.പി വിരുദ്ധ ശക്തികളാണ്. അതിനെ യോജിപ്പിക്കാനും കൂട്ടി ചേര്‍ക്കാനും സാധിക്കണം.
കോണ്‍ഗ്രസിന്റെ സ്വാധീനവും ഇടതുപക്ഷത്തിന്റെ സ്വാധീനവും പ്രതിപക്ഷ പാര്‍ട്ടിയുടെ സ്വാധീനവുമെല്ലാം ഉപയോഗിച്ചുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തണം. ധ്രുവീകരണത്തിനെതിരായിട്ടുള്ള, ഫാസിസം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള സമീപനത്തിനെതിരായിട്ടുള്ള വലിയ ഒരു ചെറുത്ത് നില്‍പ്പ് 2024ലെ തിരഞ്ഞെടുപ്പില്‍ നടത്താന്‍ നമുക്കാകണം,’ എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.