| Saturday, 31st August 2024, 5:01 pm

മന്ത്രിമാര്‍ രാജിവെച്ച സാഹചര്യമുണ്ടായിട്ടുണ്ട്; കേസില്‍ മുകേഷിന് ഒരു ആനുകൂല്യവുമുണ്ടാകില്ല: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ആദ്യമായാണ് ഇന്ത്യയില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഭരണകക്ഷിയിലെ എം.എല്‍.എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പോലും കേസെടുത്ത് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കൊല്ലം എം.എല്‍.എ എം. മുകേഷിനെതിരായ ആരോപണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു എം.വി. ഗോവിന്ദന്റെ പരാമര്‍ശം. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം നാലുദിശയില്‍ നിന്നും ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

മുകേഷിന്റെ രാജിയെ സംബന്ധിച്ച് വലിയ രീതിയില്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ വിശദമായ പരിശോധന നടത്തി. രാജ്യത്തെ 16 എം.പിമാരും 135 എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അതില്‍ വിവിധ കക്ഷികളിലെ പ്രതിനിധികളും ഉള്‍പ്പെടുന്നുണ്ട്. അവരാരും എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ രാജിവെച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ നിലവില്‍ രണ്ട് എം.എല്‍.എമാര്‍ക്കെതിരായി കേസുണ്ട്. ഒരാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, അനില്‍ കുമാര്‍, ഹൈബി ഈഡന്‍, പീതാംബരക്കുറുപ്പ്, ശശി തരൂര്‍ തുടങ്ങിയവരുടെ പേരില്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും അവരാരും രാജിവെച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രി സ്ഥാനത്തുണ്ടായിരുന്നുവര്‍ ആ പദവി രാജിവെക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. മന്ത്രി സ്ഥാനം എന്നത് എക്‌സിക്യൂട്ടീവ് പദവിയാണ്. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്കെതിരെ ഏതെങ്കിലും രീതിയിലുള്ള അന്വേഷണമുണ്ടായാല്‍ അതില്‍ ബാഹ്യപരമായ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാനാണ് അവരെ മാറ്റിനിര്‍ത്തണമെന്ന തീരുമാനത്തിലെത്തിയതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തരത്തില്‍ ഒരു കേസ് അഭിമുഖീകരിച്ചപ്പോള്‍, മന്ത്രി സ്ഥാനമാണ് രാജിവെച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എ. നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍ എന്നിവരും മന്ത്രി സ്ഥാനമാണ് രാജിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറ്റം ആരോപിക്കപ്പെട്ടവര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍, പിന്നീട് ആ വ്യക്തി നിരപരാധി ആണെന്ന് തെളിഞ്ഞാല്‍ അയാളെ തിരിച്ചെടുക്കാനുള്ള നിയമമില്ല. അത് സാമാന്യ നീതിനിഷേധത്തിന്റെ ഭാഗമാകും. എന്നാല്‍ മുകേഷിന് കേസുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള ആനുകൂല്യങ്ങളും ഉണ്ടാകില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം സിനിമാ മേഖല ഉള്‍പ്പെടെയുള്ളവയുടെ ഉന്നത അധികാരപദവികള്‍  മുകേഷ് വഹിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം തുടരരുതെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: CPIM State Secretary M.V.Govindan responding to the Hema Committee report

Latest Stories

We use cookies to give you the best possible experience. Learn more