തിരുവനന്തപുരം: കേരളത്തെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കാനായില്ലെങ്കില്‍ കേരളത്തിന് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞതെന്നും അങ്ങനെയുള്ള ആനുകൂല്യം കേരളത്തിന് വേണ്ടെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്രം ചില്ലിക്കാശ് തന്നില്ലെങ്കിലും മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞതുപോലെ കേരളം പ്രഖ്യാച്ചിട്ടുള്ള ജനക്ഷേമ പദ്ധതികളുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സി.പി.ഐ.എം ഇടുക്കി ജില്ല സമ്മേളന നഗരിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ കേരളത്തിനെതിരാണെന്നും കേരള വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘ത്രിപുരയില്‍ ഇടതുമുന്നണി പരാജയപ്പെട്ടപ്പോള്‍ ഇനി തങ്ങളുടെ ലക്ഷ്യം കേരളമാണെന്നാണ് ബി.ജെ.പി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ അവര്‍ ആഗ്രഹിച്ചതുപോലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാനായില്ല. ആ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനം അവരിപ്പോഴും തുടരുകയാണ്. അത് തന്നെയാണ് ജോര്‍ജ് കുര്യനും പറഞ്ഞിട്ടുള്ളത്.
ഇവിടെ ദാരിദ്ര്യവും പട്ടിണിയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. പട്ടിണിയിലേക്ക് കേരളത്തെ നയിക്കാനായില്ലെങ്കില്‍ ഒരു ആനുകൂല്യവും തരില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊരു ആനുകൂല്യം കേരളത്തിന് വേണ്ട. കേരള ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണം. ഇത് കോണ്‍ഗ്രസോ, മാര്‍ക്‌സിസ്‌റ്റോ, ലീഗോ, ബി.ജെ.പിയോ എന്നുള്ള പ്രശ്‌നമല്ല. കേരളത്തെ വളരാന്‍ ഒരു തരത്തിലും അനുവദിക്കില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച യൂണിയന്‍ ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലായിരുന്നു ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാലല്ലാതെ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക അവകാശങ്ങള്‍ ലഭിക്കില്ലെന്നായിരുന്ന ജോര്‍ജ് കുര്യന്റെ പ്രതികരണം. ഈ പ്രസ്താവയനില്‍ ഉറച്ചുനില്‍ക്കുന്നതായി ഇന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.
കേരളം എല്ലാ നിലയിലും സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണെന്നും മോദി നല്‍കുന്നതല്ലാതെ കേരളത്തില്‍ എന്താണുള്ളതെന്നും ജോര്‍ജ് കുര്യന്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. മോദി നല്‍കുന്നതല്ലാതെ കേരളത്തില്‍ എന്ത് വികസനപ്രവര്‍ത്തനമാണെന്ന് നടക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.
content highlights: CPIM State Secretary M.V. Govinda’s response about statement of Union Minister George Kurian against Kerala