| Monday, 10th January 2022, 11:26 am

വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കും; പാതിരിക്കും കമ്മ്യൂണിസ്റ്റാവാമെന്ന ലെനിന്റെ വാചകം ഉദ്ധരിച്ച് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന വ്‌ളാഡമിര്‍ ലെനിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടിയേരിയയുടെ പ്രസ്താവന. സി.പി.ഐ.എം ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. മുസ്‌ലിം ലീഗ് ഇസ്‌ലാമിക രാഷ്ട്രീയവുമായി സന്ധി ചെയ്തുവെന്നും ലീഗിനെ നയിക്കുന്നത് ജമാ ഇത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിക മൗലികവാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും, സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി പരിഹസിച്ചു.

ബി.ജെ.പിക്ക് ബദലായി നില്‍ക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നും, ഇരുവര്‍ക്കും ഒരേ നയമാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.

മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ പാര്‍ട്ടിയുമായി അടുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM State Secretary Kodiyeri Balakrishnan says CPIM will give membership to believers also

We use cookies to give you the best possible experience. Learn more