തിരുവനന്തപുരം: ഗായകന്‍ എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാന്‍സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ലെന്ന് സി.പി.ഐ.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിഷയത്തില്‍ പ്രതികരണവുമായെത്തിയത്.
എം.ജി. ശ്രീകുമാറിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചതിന് പിന്നാലെ വിവാദങ്ങളും വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.
എം.ജി. ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ സി.പി.ഐ.എമ്മിന്റെ പുനര്‍വിചിന്തനം.
തെരഞ്ഞെടുപ്പുവേദികളില്‍ ബി.ജെ.പിയുടെ സ്ഥിരം സാന്നിധ്യമായിരുന്ന എം.ജി. ശ്രീകുമാര്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തോടൊപ്പം പ്രചരണത്തിനിറങ്ങുകയും പ്രചരണഗാനം ആലപിക്കുകയും ചെയ്തിരുന്നു. 2016ല്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായ മുരളീധരന് വേണ്ടിയും എം.ജി. പ്രചാരണത്തിനിറങ്ങിയിരുന്നു.
എന്നാല്‍, ഗായകന്‍ എം .ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ നാടകകലാകാരന്‍മാരുടെ സംഘടനയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാനുമാക്കാന്‍ തീരുമാനം ഉണ്ടായാത്.
ഈ തീരുമാനത്തിന് പിന്നാലെ സി.പി.ഐ.എമ്മിലും പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിഷയം സി.പി.ഐ.എം വീണ്ടും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണയറിയിച്ച രഞ്ജിത്തിന് പൂര്‍ണമായ പിന്തുണയും പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നുമുണ്ട്.
അതേസമയം, അക്കാദമിയുടെ ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നായിരുന്നു എം.ജി.ശ്രീകുമാറിന്റെ പ്രതികരണം. സി.പി.ഐ.എം ഇത്തരത്തിലൊരു തീരുമാനമെടുത്തതായി തനിക്ക് ഒരു തരത്തിലുമുള്ള അറിവില്ലെന്നുമായിരുന്നു എം.ജി. ശ്രീകുമാര്‍ പറഞ്ഞത്.
കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്, കല ആസ്വദിക്കാനാണെന്നും സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ലെന്നും എം.ജി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.