| Wednesday, 29th December 2021, 11:01 am

പൊലീസിലെ സുപ്രധാന തസ്തികകള്‍ ആര്‍.എസ്.എസുകാര്‍ കൈയടക്കുന്നു; ഇടത് അനുകൂലികള്‍ ജോലിഭാരം കുറവുള്ള തസ്തികകള്‍ തേടിപോകുന്നെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കൈയടക്കുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു പൊലീസിലെ ആര്‍.എസ്.എസ് അനുകൂലികളെ കുറിച്ച് കോടിയേരി പറഞ്ഞത്.

സ്റ്റേഷന്‍ ജോലികള്‍ ചെയ്യുന്നവരില്‍ ആര്‍.എസ്.എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പൊലീസുകാര്‍ ജോലിഭാരം കുറവുള്ള തസ്തികകള്‍ തേടി പോകുകയാണ്.

പലര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനും ചിലര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞു.

സ്റ്റേഷനിലെ റൈറ്റര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്നത് ആര്‍.എസ്.എസ് ആണ്. ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. ആ ഒഴിവുകളിലേക്ക് ആര്‍.എസ്.എസുകാര്‍ കയറിക്കൂടുകയാണ്.

ഇത്തരക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുകയാണെന്നും ബി.ജെ.പി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കേസിലും കൈകടത്തല്‍ ഉണ്ടായെന്നും കോടിയേരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയെ വിമര്‍ശിച്ച അദ്ദേഹം, ആദ്യം പറഞ്ഞതില്‍ നിന്ന് എസ്.പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും പറഞ്ഞു.

അതേസമയം കെ റെയില്‍ പദ്ധതിയുടെ ചെലവ് 84000 കോടി കവിയുമെന്ന് കോടിയേരി പറഞ്ഞു. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

വി.എസ്. സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സി.പി.ഐ.എം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയില്‍ പരിഷത്ത് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

എസ്.ഡി.പി.ഐയും ജമാഅത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. വിമോചന സമരത്തിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിത്. ഈ കെണിയില്‍ യു.ഡി.എഫും വീണു.

കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ യു.ഡി.എഫിന്റെ ഓഫീസ് പൂട്ടും. ദേശീയ തലത്തില്‍ സി.പി.ഐ.എം അതിവേഗ പാതക്ക് എതിരല്ലെന്നും കോടിയേരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more