തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നിലെത്തിയ അമ്മയുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊലീസ് പെരുമാറിയത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയത്തിന് അനുസൃതമായാണെന്നും പാര്‍ട്ടി പറയുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ല. ഡി.ജി.പി ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷം ആസൂത്രിതമാണ്. ബി.ജെ.പി കോണ്‍ഗ്രസ് നേതാക്കളാണ് സമരത്തിന് ചുക്കാന്‍ പിടിച്ചതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ വാക്കുകളെ പാര്‍ട്ടി തള്ളുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.
മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം പടര്‍ത്താന്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ യജ്ഞമാണ് നടക്കുന്നതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സ് മുന്നണിയും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്.
ഒന്നാം ഇ.എം.എസ്. സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രധാനനേതാക്കള്‍ സമരത്തിന് ചുക്കാന്‍പിടിച്ച് പരിസരങ്ങളിലുണ്ടായിരുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളല്ലാത്ത ഒരു കൂട്ടവും സമരക്കാര്‍ക്കൊപ്പം അണിനിരന്നതിന് പുറമേയാണ് ഇതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.