| Friday, 17th March 2023, 6:36 pm

സുധാകരന്‍ സംഘപരിവാറിന്റെ ഇംഗിതം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സംഘപരിവാറിന്റെ ഇംഗിതം കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ജല്‍പ്പനത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

‘സംഘപരിവാറിന്റെ വക്താക്കള്‍ മുഖ്യമന്ത്രിയുടെ തലയ്ക്കു വരെ വില പറഞ്ഞ സംഭവം ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സംസ്‌കാരം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഘപരിവാറുമായി ഒളിഞ്ഞും, തെളിഞ്ഞും ബന്ധം സ്ഥാപിച്ചിട്ടുള്ള കെ.പി.സി.സി പ്രസിഡന്റ് ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് എറണാകുളത്ത് നടത്തിയ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ. സുധാകരന്‍ വ്യക്തമാക്കിയത്. മാത്രമല്ല ആര്‍.എസ്.എസ് ശാഖയെ സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വീരവാദം മുഴക്കാനും തയ്യാറായി. ഇന്ത്യ ഹിന്ദു രാഷ്ട്രമാവാതിരിക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ച നേതാവെന്ന് ഇ.എം.എസ് തന്നെ വിശേഷിപ്പിച്ച നെഹ്‌റു സംഘപരിവാറുമായി യോജിച്ച് പ്രവര്‍ത്തിച്ചയാളാണെന്ന് പ്രഖ്യാപിക്കുന്ന സ്ഥിതിയും ഉണ്ടായി. കേരള രാഷ്ട്രീയത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്ന കെ. സുധാകരന്റെ ഇത്തരം രീതികള്‍ക്കെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത് കെ.പി.സി.സി പ്രസിഡന്റിന്റെ രീതി സഹിക്കാവുന്നതിനും അപ്പുറമെന്നതിനാലാണ്.

സംഘപരിവാറിന്റെ വിവിധ രീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മതരാഷ്ട്രവാദത്തിനും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും ബദലുയര്‍ത്തിപ്പിടിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. അതിലൂടെ കേരളം രാജ്യത്തിന് വഴികാട്ടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘപരിവാറിന്റെ വിവിധ രീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: CPIM State Secretariat said that the remarks made by the KPCC President against the Chief Minister are highly condemnable

We use cookies to give you the best possible experience. Learn more